09 May 2024 Thursday

പെരുമ്പടപ്പ് പുത്തൻപള്ളി ജാറം 113-ാമത് ആണ്ടുനേർച്ച ബുധനാഴ്‌ച തുടങ്ങും

ckmnews

പെരുമ്പടപ്പ് പുത്തൻപള്ളി ജാറം 113-ാമത് ആണ്ടുനേർച്ച ബുധനാഴ്‌ച തുടങ്ങും 


പുത്തൻപള്ളി:ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്‌ലിം തീർത്ഥടന കേന്ദ്രമായ പെരുമ്പടപ്പ് പുത്തൻപള്ളി ശൈഖ്‌ കുഞ്ഞഹമ്മദ്  മുസ്‌ലിയാരുടെ 113-ാമത് ആണ്ടുനേർച്ചയ്ക്ക് ബുധനാഴ്‌ച തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് നൂണക്കടവ്, കുറുമ്പത്തയിൽ,പുത്തൻപള്ളി എന്നിവിടങ്ങളിലെ മഖാമുകളിൽ നടക്കുന്ന സമൂഹ സിയാറത്തും കൂട്ടപ്രാർത്ഥനയോടെയുമാണ് അഞ്ചുദിവസങ്ങളിലായി നടക്കുന്ന ആണ്ടുനേർച്ചയ്ക്ക് തുടങ്ങുക. പ്രാർത്ഥനയ്ക്ക് പുത്തൻപള്ളി ഖത്തീബ് ആനമങ്ങാട് മുഹമ്മദ്‌കുട്ടി ഫൈസി നേതൃത്വം നൽകും. തുടർന്ന് വൈകുന്നേരം മൂന്നിന് പട്ടേരി എ.എം.എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും.രാത്രി ഏഴിന് ആണ്ടുനേർച്ചയുടെ ഉദ്‌ഘാടനവും പൊതുസമ്മേളനവും നടക്കും. ആണ്ടുനേർച്ച സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും പൊതുസമ്മേളനം സംസ്ഥന വനം മന്ത്രി എ.കെ. ശശീന്ദ്രനും ഉദ്‌ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ. മുഖ്യാഥിതിയാകും. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തും.വ്യാഴാഴ്‌ച രാത്രി ഏഴിന് നടക്കുന്ന ശൈഖ്‌ കുഞ്ഞഹമ്മദ്  മുസ്‌ലിയാർ അനുസ്‌മരണ സമ്മേളനം സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി കടലുണ്ടി ഉദ്‌ഘാടനം ചെയ്യും.കൂറ്റമ്പാറ അബ്‌ദുറഹിമാൻ ദാരിമി അനുസ്‌മരണ പ്രഭാഷണം നടത്തും. വെള്ളിയാഴ്‌ച രാത്രി ഏഴിന് നടക്കുന്ന അശ്‌റഫി അറബിക് കോളേജ് സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും. സനദ് ദാന വിതരണം സമസ്‌ത പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. എ.പി. അനിൽകുമാർ എം.എൽ.എ. മുഖ്യാതിഥിയാകും.അബ്ദുസലാം ബാഖവി വടക്കേക്കാട് മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒമ്പതിന് നടക്കുന്ന ദിഖ്‌റ് ഹൽഖയും സ്വലാത്ത് സദസ്സും സയ്യിദ് മാനു തങ്ങളുടെ നേതൃത്വത്തിൽ നടക്കും. ശനിയാഴ്‌ച രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനവും മഹല്ല് സമാശ്വാസ പദ്ധതി ഉദ്‌ഘാടനവും നടക്കും. സാംസ്‌കാരിക സമ്മേളനം സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണനും അനുമോദന സമ്മേളനവും സമാശ്വാസ പദ്ധതിയും സംസ്ഥാന വഖഫ്, കായിക മന്ത്രി വി.അബ്‌ദുറഹിമാനും ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെ ആദരിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ബോബി ചെമ്മണ്ണൂർ എന്നിവർ മുഖ്യാതിഥികളാകും. ഞായറാഴ്‌ച രാവിലെ എട്ട് മുതൽ രണ്ടുവരെ അന്നദാന വിതരണം നടക്കും. രാത്രി ഏഴിന് ലഹരി വിരുദ്ധ ബോധവത്‌കരണ കാമ്പയിൻ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്യും. 'വഴിതെറ്റുന്ന കൗമാരം' എന്ന വിഷയത്തിൽ മലപ്പുറം ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ക്ലാസെടുക്കും. ലഹരി മുക്ത കേരളം ജില്ലാ കോ -ഓഡിനേറ്റർ ബി. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഒമ്പതിന് ശൈഖ്‌ കുഞ്ഞഹമ്മദ്  മുസ്‌ലിയാരുടെ മഖാമിൽ ശുക്കൂർ മദനി അമ്മിനിക്കാടിന്റെ നേതൃത്വത്തിൽ നടക്കുന്ന കൂട്ടപ്രാർത്ഥനയോടെ ആണ്ടുനേർച്ച സമാപിക്കും. ആണ്ടുനേർച്ചയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വന്നേരിനാട് പ്രസ് ഫോറത്തിൽ നടന്ന പത്രസമ്മേളനത്തിൽ പുത്തൻപള്ളി മഹല്ല് പ്രസിഡൻറ് അഷ്‌റഫ് ചങ്ങണാത്ത്, സെക്രട്ടറി ഫൈസൽ തെക്കേപ്പുറം, വി.ആർ. മുഹമ്മദ്, ഷബീർ ചിറ്റോത്തയിൽ എന്നിവർ പങ്കെടുത്തു.