09 May 2024 Thursday

ഒരുമാസം നീണ്ടു നിൽക്കുന്ന ക്ലൗഡ് സീഡിങ്; രാജ്യത്ത് മഴ വർധിപ്പിക്കാൻ വിപുലമായ പരിപാടികളുമായി യുഎഇ

ckmnews

ഒരുമാസം നീണ്ടു നിൽക്കുന്ന ക്ലൗഡ് സീഡിങ്; രാജ്യത്ത് മഴ വർധിപ്പിക്കാൻ വിപുലമായ പരിപാടികളുമായി യുഎഇ


അബുദാബി ∙ കൊടുംചൂട് തുടരുന്ന യുഎഇയിൽ ക്ലൗഡ് സീഡിങ്ങിലൂടെ മഴ വർധിപ്പിക്കും.  ഒരു മാസം നീളുന്ന ക്യാംപെയിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  അറിയിച്ചു.


അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ഉപ്പും പൊട്ടാസ്യവും മഗ്നീഷ്യവും സോളിഡ് കാർബൺ ഡയോക്സൈഡുമെല്ലാം കൂട്ടികലർത്തി മേഘങ്ങളിൽ വിതറിയാണ് മഴ പെയ്യിക്കുന്നത്.


നാളെ മുതൽ അൽഐൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾ മേഘങ്ങളിൽ രാസ വസ്തുക്കൾ വിതറും. സെപ്്റ്റംബർ അവസാനം വരെ ഇതു തുടരും.


അമേരിക്ക ആസ്ഥാനമായുള്ള സ്ട്രാട്ടൻ പാർക്ക് എൻജിനീയറിങ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. യുഎഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ ചെറുവിമാനങ്ങൾ ഉപയോഗിച്ച് 25000 അടി ഉയരത്തിൽ മേഘങ്ങളെ നിരീക്ഷിച്ച് പഠനം നടത്തിയാണ് ക്ലൗഡ് സീഡിങ് നടത്തുക. തൽഫലമായി അടുത്ത ആഴ്ച മുതൽ യുഎഇയിലും ഒമാന്റെ മലയോര മേഖലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.