09 May 2024 Thursday

20 മിനിറ്റിനിടെ കുടിച്ചത് 2 ലീറ്റർ വെള്ളം; 35കാരിക്ക് ദാരുണാന്ത്യം, കാരണം ‘വാട്ടർ ടോക്സിസിറ്റി

ckmnews

20 മിനിറ്റിനിടെ കുടിച്ചത് 2 ലീറ്റർ വെള്ളം; 35കാരിക്ക് ദാരുണാന്ത്യം, കാരണം ‘വാട്ടർ ടോക്സിസിറ്റി


ഇന്ത്യാന∙ യുഎസിലെ ഇന്ത്യാനയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് യുവതി മരിച്ചതായി റിപ്പോർട്ട്. രണ്ടു കുട്ടികളുടെ മാതാവായ ആഷ്‌ലി സമ്മേഴ്സ് എന്ന മുപ്പത്തഞ്ചുകാരിയാണ് മരിച്ചത്. വാരാന്ത്യം ആഘോഷിക്കാനായി ഇന്ത്യാനയിലെ ലേക്ക് ഫ്രീമാൻ സന്ദർശിക്കുന്നതിനിടെ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആഷ്‌ലി അമിതമായി വെള്ളം കുടിച്ചതെന്ന് കുടുംബത്തെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണത്തിനു പിന്നാലെ ആഷ്‌ലിയുടെ അവയവങ്ങൾ ദാനം ചെയ്തു. ഇത് അഞ്ചു പേർക്കാണ് നൽകുക.


തല ചുറ്റുന്നതായും ഒട്ടും വയ്യെന്നും ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞ ആഷ്‌ലി, ക്ഷീണമകറ്റുന്നതിനായി നിന്ന നിൽപ്പിൽ വലിയ അളവിൽ വെള്ളം കുടിച്ചതായാണ് കുടുംബം നൽകുന്ന വിവരം. തുടർന്ന് വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻതന്നെ ആഷ്‍ലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘വാട്ടർ ടോക്സിസിറ്റി’യാണ് ആഷ്‍ലിയുടെ മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന വിവരം.


സംഭവം സത്യത്തിൽ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. വാട്ടർ ടോക്സിസിറ്റിയെക്കുറിച്ചാണ് ആദ്യം കേൾക്കുകയാണ്. 20 മിനിറ്റുകൊണ്ട് നാലു കുപ്പി വെള്ളമാണ് അവൾ കുടിച്ചതെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. ഒരു ശരാശരി കുപ്പിവെള്ളം 16 ഔൺസാണ്. അതായത് 20 മിനിറ്റുകൊണ്ട് 64 ഔൺസാണ് കുടിച്ചത്. ഒരു ദിവസം കൊണ്ട് കുടിക്കേണ്ട വെള്ളത്തിന്റെ അളവാണത്’ – ആഷ്‌ലിയുടെ സഹോദരൻ ഡിവോൺ മില്ലർ പ്രതികരിച്ചു.


അതേസമയം, ഇത്തരത്തിൽ അപകടമുണ്ടാകുന്നത് അസാധാരണമാണെന്ന് ആഷ്‌ലിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർ അലോക് ഹർവാനി അഭിപ്രായപ്പെട്ടു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വെള്ളം കുടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. ഒരു മണിക്കൂറിൽ നമ്മുടെ വൃക്കയ്ക്ക് ഒരു ലീറ്റർ വെള്ളം മാത്രമാണ് കൈകാര്യം ചെയ്യാനാകുക’ – ഡോക്ടർ പറഞ്ഞു.