09 May 2024 Thursday

കോൾ കൃഷി കമ്മറ്റിയുടെ അനാസ്ഥ മൂലം കർഷകർക്ക് 86 ലക്ഷം രൂപയുടെ ആനുകൂല്യം നഷ്ടമെന്ന് കർഷകർ

ckmnews



ചങ്ങരംകുളം:കോലത്ത്പാടം കോൾപടവിലെ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ  ആനുകൂല്യം നഷ്ടപ്പെട്ടത് കോൾ കൃഷി കമ്മറ്റിയുടെ അനാസ്ഥ മൂലമെന്ന ആരോപണവുമായി കർഷകർ രംഗത്ത്.636 ഓളം കർഷകർക്ക് എട്ട് വർഷത്തെ കുടിശ്ശിക ഇനത്തിൽ 98 ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്നിരിക്കെ കുടിശ്ശികയുള്ള പമ്പിംഗ് സബ് സിഡിയിൽ ഒരു വർഷത്തെ മാത്രമെ അനുവദിക്കാൻ കഴിയൂ എന്നാണ് അധികൃതർ അറിയിച്ചത്.അങ്ങിനെ വന്നാൽ 7 വർഷത്തെ കുടിശ്ശിക 86 ലക്ഷത്തോളം രൂപ കർഷകർക്ക് നഷ്ടം വരുമെന്നും ഇതിന് കാരണം കോൾകൃഷി കമ്മിറ്റിയുടെ അനാസ്ഥയാണെന്നാണ് കർഷകർ ആരോപിക്കുന്നത്.


കോലത്ത് പാടം കോൾപടവ് സഹകരണ സംഘം ഭാരവാഹികൾ

പുഞ്ച സ്പെഷൽ ഓഫീസർ, റവന്യു മന്ത്രി എന്നിവരെ സമീപിച്ചപ്പോൾ പഴയ പമ്പിംഗ് സബ്സിഡി കുടിശ്ശിക നൽകാൻ കഴിയില്ലെന്ന വിവരമാണ് ലഭിച്ചത്.  ഓരോ വർഷവും മേയ് 30 നകം ബേസിക് രജിസ്റ്റർ എ ഫോറം,ബി ഫോറം എന്നിവ പുഞ്ച സ്പെഷൽ ഓഫീസർക്ക് ഹാജരാക്കുന്ന പാട ശേഖര സമിതികൾക്ക് മാത്രമെ തുക അനുവദിക്കാൻ കഴിയൂ എന്നാണ് അധികൃതരുടെ മറുപടി.അമിതമായി പമ്പിംഗ് ചാർജ് കർഷകരിൽ നിന്നും ഈടാക്കിയിട്ടും കോലത്ത് പാടം കോൾപടവിലെ കർഷകർക്ക് മേൽ കട ബാധ്യത വരുത്തി വീണ്ടും വീണ്ടും  കർഷക വിരുദ്ധ നിലപാടാണ് കോൾ കൃഷി കമ്മറ്റി ഭാഗത്ത് നിന്നും കർഷകർ നേരിടുന്നതെന്നും കർഷകർ ഏറെ പ്രയാസം നേരിടുന്ന ഈ സമയത്ത് കമ്മറ്റിയുടെ അനാസ്ഥ കൊണ്ട് മാത്രം 86 ലക്ഷം രൂപയുടെ പമ്പിംഗ് സബ് സിഡി നഷ്ടപ്പെട്ടത് അംഗീകരിക്കാനാവുന്നതല്ലെന്നും കർഷകർ ആരോപിച്ചു.കട ബാധ്യതയും തുക നഷ്ടമായതും മൂലം കൃഷി റവന്യു വകുപ്പുകളുടെ ഇടപെടൽ ഉടൻ വേണമെന്ന് സഹകരണ സംഘം ഭാരവാഹികൾ  ആവശ്യപ്പെട്ടു.കെവി അബ്ദുറഹിമാൻ, പിപി.ആസാദ്,എപി റഫീഖ്, വി.കമറുദ്ദീൻ,കെവി ഷക്കീർ,എപി അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു