26 April 2024 Friday

ബാബരി വിധി ഇന്ത്യ ഒരിക്കല്‍ കൂടി അപമാനിക്കപ്പെട്ടു:കെഎന്‍എം മര്‍കസുദ്ദഅവ

ckmnews

ബാബരി വിധി: ഇന്ത്യ ഒരിക്കല്‍ കൂടി അപമാനിക്കപ്പെട്ടു

-കെ.എന്‍.എം. മര്‍കസുദ്ദഅവ


ചങ്ങരംകുളം:  ബാബരി മസ്ജിദ് തകര്‍ത്തവരെ വെറുതെ വിട്ട കോടതി വിധിയില്‍ അത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് വിലപ്പെട്ട ഇരുപത്തിയെട്ട് വര്‍ഷം എന്തിന് ഈ വിധിക്ക് വേണ്ടി പാഴാക്കിയെന്നതാണ് വിചിത്രമെന്ന് കെ.എന്‍.എം. മര്‍കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം സെക്രട്ടറിയേറ്റ്  അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് കാലത്ത് ഇതിലപ്പുറമുള്ള വിധിയൊന്നും പ്രതീക്ഷിക്കുന്നതാണ് അബദ്ധം. രാജ്യത്തെ  ഭരണ സംവിധാനം ഒന്നാകെ ഒരു സമൂഹത്തിന് അന്യമായിരിക്കുന്നു എന്ന തിരിച്ചറിവാണ് ഈ വിധി ലോകത്തിന് നല്‍കുന്നത്. 

ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ പങ്കാളിത്തം വഹിച്ചവരും നേതൃത്വം വഹിച്ചവരും പ്രോത്സാഹിപ്പിച്ചവരും കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കുവെച്ചവരുമാരാണെന്ന് തല്‍സമയം ലോകം വീക്ഷിച്ചതാണെന്നിരിക്കെ കോടതി വിധികള്‍ കൊണ്ട് പ്രതികള്‍ക്ക് ലോകത്തിന് മുമ്പില്‍ കുറ്റവിമുക്തരാവാന്‍ കഴിയില്ല. ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ ലോകത്തിന് മുമ്പില്‍ തലകുനിക്കേണ്ടി വന്ന ഇന്ത്യക്കിപ്പോള്‍ കോടതി വിധിയിലൂടെ ഒരിക്കല്‍ കൂടി അപമാനിക്കപ്പെട്ടിരിക്കുന്നു എന്നും യോഗം അഭിപ്രായപ്പെട്ടു.

കെ.എന്‍.എം. മര്‍കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം  പ്രസിഡന്‍റ് കെ.വി മുഹമ്മദ് സെക്രട്ടറി ഹൈദ്രോസ് പട്ടേൽ, പി.പി ഖാലിദ്, എം അഷറഫ്, കെ.വി രൗളത്ത്, പി.ഐ റാഫിദ തുടങ്ങിയവർ സംസാരിച്ചു.