09 May 2024 Thursday

പുതുപ്പള്ളി ഹൗസിനോട് വിടചൊല്ലി ഉമ്മൻ ചാണ്ടി;കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിച്ചു

ckmnews

പുതുപ്പള്ളി ഹൗസിനോട് വിടചൊല്ലി ഉമ്മൻ ചാണ്ടി;കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിച്ചു


തിരുവനന്തപുരം∙ ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനങ്ങൾക്ക് നടുവിലൂടെ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യ വിളികളോടെ പ്രവർത്തകർ പ്രിയ നേതാവിനെ യാത്രയാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30ന് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.


ആൾക്കൂട്ടത്തെ ശ്വസിക്കുകയും അവരിലൊരാളായി ജീവിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടി ആദ്യമായി ശാന്തമായി കണ്ണടച്ചുകിടന്നു. ആയിരക്കണക്കിനു മനുഷ്യരുടെ കണ്ണീർക്കടലിലൂടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അവസാനമായി ഒഴുകിനീങ്ങി. മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസഞ്ചയമാണു തലസ്ഥാനത്തേക്ക് ഒഴുകിയത്. പ്രിയ നേതാവിനെ ഒരുനോക്കു കാണാൻ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സെന്റ് ജോർജ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും ആൾക്കൂട്ടം ആർത്തലച്ചെത്തി. ജനത്തിരക്ക് ഇഷ്ടപ്പെട്ടയാൾക്ക് ജനസാഗരം സാക്ഷിയാക്കി യാത്രാമൊഴി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നിയന്ത്രണാതീതമായ തിരക്ക് കാരണം നേരത്തെ നിശ്ചയിച്ച സമയത്തിൽനിന്ന് ഏറെ വൈകിയാണ് മൃതദേഹം വഹിച്ചുള്ള വാഹനം നീങ്ങിയത്.

ചൊവ്വാഴ്ച ൈവകിട്ട് മൂന്നു മണിയോടെത്തന്നെ ജനങ്ങൾ സെക്രട്ടേറിയറ്റ് പരിസരത്ത് തടിച്ചു കൂടിയിരുന്നു. ഏഴു മണിയോടെ ക്യൂ ദർബാർ ഹാളിൽനിന്ന് നബാർഡ് ഓഫിസ് വരെ നീണ്ടു. ഹാളിലെ ഇരുവാതിലുകളിലൂടെയും ആളുകൾ അകത്തേക്ക് കയറിയതോടെ നിയന്ത്രണങ്ങൾ പാളി. ഫാനുകളില്ലാത്ത ഹാളിൽ ജനം ഉരുകിയൊലിച്ചു. പൊതുദർശനം തുടങ്ങി ഒരു മണിക്കൂറിനുശേഷമാണ് കുടുംബാംഗങ്ങൾക്ക് ഇരിക്കാൻ കസേര ലഭിച്ചത്. ബെംഗളൂരുവിൽ മുൻ കർണാടക മന്ത്രി അന്തരിച്ച ടി.ജോണിന്റെ വസതിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എം.കെ.സ്റ്റാലിൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരടക്കം ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു