09 May 2024 Thursday

യുഎഇയില്‍ ചൂട് കൂടുന്നു; ക്യാമ്പയിനുമായി ആരോഗ്യ മന്ത്രാലയം

ckmnews

രാജ്യം കടുത്ത ചൂടിലേക്ക് കടക്കുകയാണ്. അത്കൊണ്ട് തന്നെ താമസക്കാര്‍ക്കിടയില്‍ അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യു എ ഇയിലെ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം ക്യാമ്ബയിൻ തുടങ്ങുന്നത്.തിങ്കളാഴ്ച മുതല്‍ ഷാര്‍ജ എമിറേറ്റിലാണ് ക്യാമ്ബയിൻ ആരംഭിക്കുക. സാധാരണ ഗതിയില്‍ വെയിലേല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ ലക്ഷ്യം വച്ചാണ് വിവിധ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നത്.


വേനല്‍ക്കാലം അവസാനിക്കുന്നത് വരെ തുടരുന്ന ക്യാമ്ബയിനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനവും ബോധവത്കരണ ക്ലാസുകളും ഒരുക്കും. എല്ലാ വര്‍ഷവും ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന കാമ്ബയിനിന്‍റെ പന്ത്രണ്ടാം എഡിഷനാണ് തിങ്കളാഴ്ച തുടങ്ങുന്നത്. ഷാര്‍ജ കുടുംബകാര്യ സുപ്രീം കൗണ്‍സില്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.ചൂടുകാലത്ത് അനുവര്‍ത്തിക്കേണ്ട ജീവിതശൈലി, ചൂട് മൂലമുണ്ടാകുന്ന അപകട സാധ്യതകള്‍, സുരക്ഷിതമായ തൊഴില്‍ സാഹചര്യത്തിന്‍റെ ആവശ്യം തുടങ്ങിയ കാര്യങ്ങളാണ് ക്യാമ്ബയിനിലൂടെ പ്രചരിപ്പിക്കുന്നത്. ഷാര്‍ജ സര്‍ക്കാറിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ആര്‍ക്കും ക്യാമ്ബയിനിന്‍റെ ഭാഗമാകാമെന്ന് ആരോഗ്യമന്ത്രാലയം പ്രതിനിധി മുഹമ്മദ് അല്‍ സറൂനി വ്യക്തമാക്കി.