09 May 2024 Thursday

കുടുംബശ്രീ അംഗങ്ങളറിയാതെ ലക്ഷങ്ങളുടെ വായ്‌പ; ജപ്‌തി നോട്ടീസ് കണ്ടു ഞെട്ടി അംഗങ്ങൾ കളക്ടർക്ക് മുന്നിൽ പരാതിയുമായി ആലങ്കോട് പഞ്ചായത്തിലെ ശ്രീ അയൽക്കൂട്ടം (എൻ.എച്ച്.ജി.) കുടുംബശ്രീ അംഗങ്ങൾ

ckmnews

കുടുംബശ്രീ അംഗങ്ങളറിയാതെ ലക്ഷങ്ങളുടെ വായ്‌പ; ജപ്‌തി നോട്ടീസ് കണ്ടു ഞെട്ടി അംഗങ്ങൾ


കളക്ടർക്ക് മുന്നിൽ പരാതിയുമായി ആലങ്കോട് പഞ്ചായത്തിലെ ശ്രീ അയൽക്കൂട്ടം (എൻ.എച്ച്.ജി.) കുടുംബശ്രീ അംഗങ്ങൾ


എടപ്പാൾ: കുടുംബശ്രീ എ.ഡി.എസ്. അംഗങ്ങളറിയാതെ ഭാരവാഹികൾ ലക്ഷങ്ങൾ വായ്‌പയെടുത്തതായി പരാതി. ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നതോടെ ഞെട്ടിയ അംഗങ്ങൾ പരാതിയുമായി ജില്ലാകളക്ടർക്ക് മുന്നിലെത്തി.ആലങ്കോട് പഞ്ചായത്തിലെ ശ്രീ അയൽക്കൂട്ടം (എൻ.എച്ച്.ജി.) കുടുംബശ്രീ അംഗങ്ങളായ കുന്നത്തുപറമ്പിൽ റസിയ, കെ. ശോഭന, എ. സതി, കെ. വത്സല, എ. കുഞ്ഞിലക്ഷ്മി എന്നിവരാണ് അറിയാത്ത വായ്‌പയുടെ പേരിൽ ജപ്തിനടപടി നേരിടുന്നത്.


15 അംഗങ്ങളുള്ള ഇവരുടെ സംഘത്തിന്റെ പേരിൽ 2019-ൽ ചങ്ങരംകുളം കനറാബാങ്ക് ശാഖയിൽനിന്ന് എടുത്ത വായ്‌പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്നാണ് ബാങ്ക് ജപ്തിനടപടികളാരംഭിച്ചത്.


വാടകവീടുകളിൽ കഴിയുന്നവരടക്കമുള്ള അയൽക്കൂട്ടം അംഗങ്ങൾ വായ്‌പയെടുത്തിരുന്ന വിവരംപോലുമറിയുന്നത് നോട്ടീസ് ലഭിക്കുമ്പോഴാണെന്നാണു പറയുന്നത്.


ഭാരവാഹികളെ ബന്ധപ്പെട്ടപ്പോൾ ജൂൺ 30-നകം ബാങ്കിലെ കുടിശ്ശിക തീർക്കുമെന്ന്‌ ഉറപ്പു നൽകിയെങ്കിലും അടച്ചില്ല.


6,66,000 രൂപ അടയ്ക്കാത്തപക്ഷം ജപ്തിനടപടിയിലൂടെ തുക തിരിച്ചുപിടിക്കുമെന്നറിഞ്ഞതോടെയാണ് ഇവരെല്ലാവരും ചേർന്ന് ജില്ലാ കളക്ടർക്കും കുടുംബശ്രീ ജില്ലാ മിഷനും പരാതി നൽകിയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർ സബ് കളക്ടർക്കും കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർക്കും അന്വേഷണം നടത്താൻ നിർദേശം നൽകി.