09 May 2024 Thursday

എം.ടി.ചലച്ചിത്രോൽസവം:ഓളവും തീരവും പ്രദർശനം ജൂലൈ 17ന് മാർസ് സിനിമാസിൽ നടക്കും

ckmnews

ചങ്ങരംകുളം:എം.ടി.യുടെ നവതി,നിർമ്മാല്യം സിനിമയുടെ അമ്പതാം വർഷം എന്നിവയുടെ ഭാഗമായി കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി,മാർസ് സിനിമാസ് ചങ്ങരംകുളം എന്നിവയുടെ സഹകരണത്തോടെ എം.ടി. സംവിധാനവും തിരക്കഥാരചനയും നിർവ്വഹിച്ച പ്രധാന സിനിമകളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.ആദ്യ പ്രദർശനം ജൂലൈ 17ന് വൈകുന്നേരം 4.00മണിക്ക് ചങ്ങരംകുളം മാർസ് സിനിമാസിൽ നടക്കും.എം.ടിയുടെ തിരക്കഥയിൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന സിനിമയാണ് പ്രദർശിപ്പിക്കുന്നത്. 1970ൽ പുറത്തു വന്ന ഈ സിനിമക്ക് ആ വർഷത്തെ മികച്ച സിനിമ,തിരക്കഥ,ഛായാഗ്രഹണാം(മങ്കട രവിവർമ്മ)രണ്ടാമത്തെ നടി(ഫിലോമിന) എന്നീ സംസ്ഥാന അവാർഡുകൾ ലഭിച്ചു.മലയാളത്തിലെ നവതരംഗസിനിമയുടെ പ്രാരംഭ ചിത്രമായി ഓളവും തീരവും കണക്കാക്കപ്പെടുന്നു.ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റലായി വീണ്ടെടുത്ത പുതിയ കോപ്പിയാണ് പ്രദർശിപ്പിക്കുന്നത്.പ്രവേശനം സൗജന്യമാണ്.