09 May 2024 Thursday

സോഷ്യൽ മീഡിയയിൽ വൈറലായി അഞ്ചാം ക്ലാസുകാരിയായ തയ്യൽക്കാരി

ckmnews


എടപ്പാൾ : ചെറുപ്പം മുതലേ അമ്മ പ്രസീനയുടെ തയൽ കണ്ടാണ് അനാമികയും തയ്യലിൽ കമ്പം കയറിയത്. തന്റെ പാവക്കുട്ടികൾക്ക് ഉടുപ്പു തുന്നിയാണു അനാമികയുടെ തുടക്കം.

അഞ്ചാം ക്ലാസിലെത്തിയപ്പോഴേക്കും സ്വന്തമായി തുന്നിയ യൂണിഫോം ധരിച്ച് സ്കൂളിലേക്ക് പോകണം എന്നതായിരുന്നു അനാമികയുടെ ആഗ്രഹം.

എന്നാൽ ഇന്ന് തന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കി. ചെറുപ്രായത്തിൽ  തയ്യലിനോട് തോന്നിയ കമ്പം തന്നെയാണ് അതിന് അനാമികക്ക് കൂട്ടായത്.

ഈ വർഷത്തെ യൂണിഫോമിനുള്ള തുണി കിട്ടിയപ്പോൾ തുടങ്ങിയ ആഗ്രഹമായിരുന്നു സ്വന്തമായി യൂണിഫോം തയ്ക്കണം എന്നത് 

ചുരിദാറും പാൻറും ഓവർകോട്ടുമെല്ലാം  തുന്നിയാൽ തുണി നാശമാകുമോ എന്ന ആശങ്കയിലായിരുന്നു അനാമികയുടെ മാതാപിതാക്കൾ.

എന്നാൽ അനാമികയുടെ ആഗ്രഹത്തിന് അവരും സമ്മതം നൽകുകയായിരുന്നു .

അതുകൊണ്ട് തന്നെ സ്വന്തമായി തയ്ച്ച യൂണിഫോമണിഞ്ഞാണ് ഈ വർഷം അനാമിക സ്കൂളിലെത്തിയത്.

എടപ്പാൾ വെറുർ എ.യു.പി. സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥിനിയാണ് അനാമിക. അണ്ണക്കുമ്പാട് കായലും പളത്ത് ഷാജേഷിന്റെയും പ്രസീനയുടെയും മകളാണ് അനാമിക. കാൽകൊണ്ട് ചവുട്ടിക്കറക്കുന്ന തയ്യൽ മെഷീനിൽ ഇരുന്നടിക്കാൻ പറ്റാത്തതിനാൽ ഒരു കാൽ കൊണ്ട് ചവിട്ടി ഒറ്റക്കാലിൽ നിന്ന് രണ്ടുദിവസംകൊണ്ടാണ് ഈ മിടുക്കി രണ്ടു ജോഡി യൂണിഫോം തയ്ച്ചത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതോടെയാണ് അനാമിക എന്ന കൊച്ചു മിടുക്കി വൈറലായത്.വിവരമറിഞ്ഞ് അധ്യാപികമാരും സഹപാഠികളുമെല്ലാം അനാമികയെ അനുമോദിക്കുകയാണ്