09 May 2024 Thursday

ആഴം കൂട്ടി നവീകരിച്ച കൊള്ളഞ്ചേരി തോടിന്റെ ഇരുകരകളിലും പൂകൈതകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി

ckmnews



ചങ്ങരംകുളം:കടവല്ലൂർ, കൊള്ളഞ്ചേരി,അടിമനതാഴം,കപ്പൂർ,കുളത്താണി താഴം,കണ്ടംകുളം,കാക്കശ്ശേരി, കോതമംഗലം എന്നീ പാടശേഖരങ്ങളിലെ 1500 ഏക്കർ നെൽകൃഷിക്കാരുടെ പതിറ്റാണ്ടായുള്ള ആവശ്യത്തിന് പരിഹാരമായാണ് ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മൂന്നു കിലോമീറ്റർ ദൂരം വരുന്ന കൊള്ളഞ്ചേരി തോട് നവീകരിച്ചത്.തോടിന്റെ ഇരുവശവും കൈത വെച്ചുപിടിപ്പിച്ചു തോട്ടുവരമ്പു ഇടിയാതിരിക്കാനുള്ള പദ്ധതിയാണ് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. പദ്ധതിയുടെ ഉദ്‌ഘാടനം കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എം.ബാലാജി നിർവ്വഹിച്ചു.തോട്ടു വരമ്പു സംരക്ഷണത്തിന് കയർ ഭൂവസ്ത്രവും കോൺഗ്രേയ്റ്റ് ഭിത്തികളും ചെയുനതു ശാശ്വതമായ പരിഹാരമല്ലെന്നു പഴയ കൃഷിരീതികൾ തന്നെയാണ് ഉത്തമം എന്നും ബാലാജി പറഞ്ഞു. കൈത വെച്ചുപിടിപ്പിക്കുന്നതിലൂടെ തോടിന്റെ സംരക്ഷണത്തോടൊപ്പം നിരവധി ജീവജാലങ്ങൾക്ക് ആവാസകേന്ദ്ര൦ കൂടിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കാർഷകസംഘം  കുന്നംകുളം ഏരിയ സെക്രട്ടറി കെ.കൊച്ചനിയൻ  അധ്യക്ഷത വഹിച്ചു.കഥകളിയാചാര്യൻ പീശപ്പിള്ളി രാജീവൻ മുഖ്യ അതിഥിയായിരുന്നു.കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രൻ,സി.ഐ.ടി.യു ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.എൻ .മുരളീധരൻ,സി.പി.ഐ.എം. കടവല്ലൂർ നോർത്ത് മേഖല സെക്രട്ടറി അജിത് കുമാർ,കർഷകസംഘം നോർത്ത് മേഖല പ്രസിഡന്റ് പ്രഭാത് മുല്ലപ്പിള്ളി, സെക്രട്ടറി മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധമേഖലകളിലുള്ള കർഷകരെ ഉപഹാരം നൽകി ആദരിച്ചു.ഗ്രാമ- ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപയിൽ 15 ലക്ഷം രൂപ വിനിയോഗിച്ച് തടയണ, ചീർപ്പ്, മോട്ടോർ പുര, വൈദ്യുതി, മോട്ടോർ, തോടു നവീകരണം എന്നിങ്ങനെയുള്ള ഒന്നാംഘട്ടം പൂർത്തീകരിച്ചിരിക്കുന്നത്.കോൺക്രീറ്റ് ഭിത്തി, കരിങ്കൽക്കെട്ട് എന്നിവയെല്ലാം പരാജയപ്പെടും എന്നതിൻ്റെ അടിസ്ഥാനത്തിലാണ് പഴമക്കാർ ചെയ്തുവന്നിരുന്ന പ്രകൃതിക്ക് അനുയോജ്യമായ മണ്ണൊലിപ്പ് തടഞ്ഞ് ജലം ശുദ്ധീകരിക്കുകയും പ്രകൃതിക്ക് ഇണങ്ങുന്ന വിധം സസ്യ - ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ തിരിച്ചുപിടിക്കാനും വേണ്ടിയാണ് തോടിന്റെ ഇരുവശങ്ങളിലും കൈത വെച്ച് പിടിപ്പിക്കുന്നത്.