09 May 2024 Thursday

മോട്ടോർവാഹന വകുപ്പിന്റെ രാത്രികാല പരിശോധന:ഉക്കടത്തുനിന്ന് കവർന്ന 2.75 ലക്ഷത്തിന്റെ ബൈക്ക് പിടികൂടി

ckmnews

മോട്ടോർവാഹന വകുപ്പിന്റെ രാത്രികാല പരിശോധന:ഉക്കടത്തുനിന്ന് കവർന്ന 2.75 ലക്ഷത്തിന്റെ ബൈക്ക് പിടികൂടി


തമിഴ്‌നാട്ടിലെ ഉക്കടത്തുനിന്ന് മോഷ്ടിച്ച 2.75 ലക്ഷത്തിന്റെ ബൈക്ക് മോട്ടോർവാഹന വകുപ്പിനു കീഴിലുള്ള ജില്ലാ എൻഫോഴ്‌സ്‌മെന്റിന്റെ രാത്രികാലപരിശോധനയിൽ പിടികൂടി.

ഉക്കടത്തെ ബിസിനസുകാരനായ കോയമ്പത്തൂർ ഉക്കടം സൗക്കർ നഗറിൽ കരുമ്പുക്കടൈ കണിയമുത്തൂരിലെ സുൽത്താൻ സയ്യിദ് ഇബ്രാഹിമിന്റെ റോയൽ എൻഫീൽഡ് ഹിമാലയ ബൈക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്ച മോഷണം പോയിരുന്നത്.ഇതുസംബന്ധിച്ച് ഉക്കടം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ 1.30 മണിയോടെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ ബൈക്ക് പിടികൂടിയത്.എടപ്പാൾ പുറങ്ങ് ഭാഗത്ത് നിന്നാണ് ബൈക്ക് ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞത്

ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്.ശ്രീജിതിന്റെ നിർദ്ദേശാനുസരണം ജില്ലാ എൻഫോഴ്‌സ്‌മെന്റ് കോട്ടക്കൽ കൺട്രോൾ റൂം ഇൻസ്‌പെക്ടർ എം.വി.അരുൺ, എം.വി.ഐ.കെ.ആർ.ഹരിലാൽ, വി.വിജീഷ് എന്നിവർ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്കുമായി ഒരാളെ സംശയാസ്പദമായ സാഹചര്യത്തിൽ് കണ്ടത്. ഇവരടുത്തെത്തും മുൻപ് മറ്റൊരു ബൈക്കിലെത്തിയ രണ്ടാൾക്കൊപ്പം കൈയിലുള്ള ബാഗുമായി ബൈക്കുമായി എത്തിയ  ഇയാൾ രക്ഷപ്പെട്ടു.

പരിശോധനയിൽ ഉപേക്ഷിച്ച ബൈക്കിന്റെ താക്കോലിടുന്ന ഭാഗം പൊട്ടിച്ചതായും നമ്പർ പ്ലേറ്റുകൾ തകർത്തതായും കണ്ടു. ഉടൻ  തന്നെ സമീപത്തുള്ള പെട്ടി ഓട്ടോക്കാരനെ ഉണർത്തി ബൈക്ക് പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉക്കടത്തുനിന്ന് മോഷണം പോയ ബൈക്കാണെന്ന് കണ്ടെത്തിയത്.


ബൈക്കിലുണ്ടായിരുന്നത് മയക്കുമരുന്നു സംഘത്തിലെ കണ്ണിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.