26 April 2024 Friday

മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കി; പിടിച്ചെടുത്ത മദ്യം പങ്കുവെച്ചു;മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ckmnews


തൃശൂർ : മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കിതീർക്കുകയും തൊണ്ടിമുതൽ പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫിസിലെ എക്സൈസ് വകുപ്പ് ഇൻസ്പെക്ടർ ഡി വി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. രണ്ട് സിവിൽ എക്സൈസ് ഓഫിസർമാരെയും ഒരു വനിത സിവിൽ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനുമയക്കും.

സംഭവത്തെക്കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്, വനിത സിവിൽ എക്സൈസ് ഓഫിസർ എൻ.കെ. സിജ എന്നിവരെയാണ് അക്കാദമിയിൽ പരിശീലനത്തിന് അയക്കുന്നത്.