പെരുമ്പടപ്പിലെ അംഗൻ വാടികളിൽ ഇനി സ്പെക്ട്രം സ്പെഷ്യൽ സ്കൂളിന്റെ പൂമണം പരക്കും

പെരുമ്പടപ്പിലെ അംഗൻ വാടികളിൽ ഇനി സ്പെക്ട്രം സ്പെഷ്യൽ സ്കൂളിന്റെ പൂമണം പരക്കും
എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ മുഴുവൻ അംഗൻവാടികളിലും ഇനി ബ്ലോക്ക് സ്പെക്ട്രം സ്കൂളിലെ ഭിന്ന ശേഷി പഠിതാക്കൾ നിർമ്മിച്ചു നൽകുന്ന ക്ളീനിങ് ഇനങ്ങൾ ഉപയോഗത്തിനെത്തും.ഡിഷ് വാഷ് , ടോയ്ലറ്റ് ക്ലീനർ ,ഫ്ലോർ ക്ലീനർ ,ഹാൻഡ് വാഷ് അടക്കമുള്ള ഉൽപ്പന്നങ്ങൾ എല്ലാ അംഗൻവാടികളിലേക്കും ഇവിടെ നിന്നു ബ്ലോക്ക് ശിശു വികസന ഓഫീസർ വാങ്ങി വിതരണം ചെയ്യും.ബ്ലോക്ക് ഭരണ സമിതിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് സ്പെക്ട്രം സ്പെഷ്യൽ സ്കൂളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നത്.തുടർന്ന് ബ്ലോക്ക് പരിധിയിലെ സിഎച്ച്സി അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് ഇവിടെ നിന്നുള്ള ഉത്പന്നങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു അറിയിച്ചു.ഈ കുട്ടികൾക്ക് കൂടുതൽ ഇനങ്ങളിൽ തൊഴിൽ പരിശീലനം നൽകുന്നതിനും , ഇവരുടെ അമ്മമാർക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനും ബ്ലോക്ക് പഞ്ചായത്ത് പുതിയ പദ്ധതികൾ വച്ചിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.ബ്ലോക്ക് പഞ്ചായത്തിന്റെ ലേബലിൽ ഇറങ്ങുന്ന ഈ ഉത്പന്നങ്ങൾ വാങ്ങുന്നത് കുട്ടികളോടുള്ള കരുതലും ചേർത്തു പിടിക്കലുമാണെന്നു അവർ അഭിപ്രായപ്പെട്ടു .