09 May 2024 Thursday

വൃദ്ധജനങ്ങൾക്ക് മാനസികോല്ലാസം നല്കി ഇർഷാദ് ക്യാമ്പസിലെ കുരുന്നുകൾ

ckmnews

വൃദ്ധജനങ്ങൾക്ക് മാനസികോല്ലാസം നല്കി ഇർഷാദ് ക്യാമ്പസിലെ കുരുന്നുകൾ


ചങ്ങരംകുളം:വാർധക്യത്തിന്റെ അവശതകളും ഉറ്റ ബന്ധുക്കളിൽ നിന്നുള്ള അവജ്ഞതയുടെ മനോവിഷമങ്ങളും പേറി ശൂന്യതയിലേക്കു കണ്ണും നട്ടിരുന്നവരുടെ വിറക്കുന്ന കൈകളിൽ ശൈശവത്തിന്റെ നിഷ്കളങ്കതയിൽ തുള്ളിച്ചാടിയെത്തിയ കുരുന്നുകളുടെ ഇളം കൈ തലങ്ങൾ ചേർന്നപ്പോൾ കണ്ടു നിന്നവരും ഈ റനണിഞ്ഞു.സർക്കാർ ഉടമസ്ഥതയിലുള്ള തവനൂർ വൃദ്ധസദനത്തിലെ അന്തേവാസികളായ അറുപത്തിയഞ്ച് വയോധികരും പന്താവൂർ ഇർശാദ് കാമ്പസിലെ മൂന്നു മുതൽ ആറുവരെ വയസുകാരായ നൂറ്റി ഇരുപത്തിമൂന്ന് സഹ്റത്തുൽ ഖുർആൻ  പ്രീ സ്കൂൾ വിദ്യാർഥികളുടെയും കൂടിക്കാഴച അനിർവചനീയമായ വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റത്തിന്റെ വേദിയായി മാറി.ജീവിത സൗകര്യങ്ങളിൽ പാതി വഴിയിലുപേക്ഷിച്ച മക്കളും ഉടപ്പിറപ്പുകളും ഒരു നാളിൽ തങ്ങളെ കൂട്ടാൻ വരുന്നതും കാത്തിരിക്കുന്നവരിലേക്കാണ് ആധുനികതയുടെ കാപട്യങ്ങളറിയാത്ത പിഞ്ചിളം പൈതങ്ങളെത്തിയത്. കരം ഗ്രഹിച്ചും കവിളിൽ ഉമ്മ വെച്ചും അവർ വയോധികരിൽ പ്രതീക്ഷകളുടെ തിരിനാളം കൊളുത്തി വാത്സല്യത്തോടെ മക്കളെ അവർ തലോടി ശിരസ്സിൽ കൈ വെച്ചനുഗ്രഹിച്ചു.എല്ലാ കുട്ടികളുടെയും വീടുകളിൽ നിന്നും കൊടുത്തേൽപിച്ച പലഹാരങ്ങളും പഴവർഗ്ഗങ്ങളും അത്യാദരവുകളോടെ കുട്ടികൾ സമ്മാനിച്ചു.അവർ അവതരിപ്പിച്ച കലാപരിപാടികൾ വയോജനങ്ങളുടെ മനം കുളിർപ്പിച്ചു. തങ്ങളുടെ ബാല്യകാലം ഓർമ്മയിലെത്തിയ അമ്മമാരും മക്കളുടെ കൂടെ ചേർന്നു പാടി.പഠനങ്ങൾക്കും പ്രകൃതിയാസ്വാദനത്തിനും പ്രതിമാസം യാത്രകളുണ്ടെങ്കിലും ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്ന തലമുറക്ക് അല്പനേരമാണെങ്കിലും കൂട്ടിരുന്ന സന്തോഷത്തിലാണ് കുട്ടികൾ

നിത്യവും സന്ദർശകരുണ്ടെങ്കിലും ഇളം തലമുറ കൂട്ടമായി വന്നത് അധികൃതരിലും ആശ്ചര്യമുണ്ടാക്കി.ഇനിയും വരണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടാണ് കുട്ടികളെ അവർ യാത്രയാക്കിയത്.ഇർശാദ് പ്രീ സ്കൂൾ മെന്റർമാരായ സഫീന എൻ കെ, റസിയ എം.വി, മനാസിറ കെ, ശബ്ന വി.പി എന്നിവർ വിദ്യാർഥികളോടൊപ്പമുണ്ടായിരുന്നു. സൂപ്രണ്ട്  സിദ്ദീഖ് ചുണ്ടക്കാടൻ, സുനിൽ ജി നായർ, ഇർശാദ്, സിബിൻ, ഹംസ തുടങ്ങിയ റസ്ക്യൂ ഹോം അധികൃതർ സംഘത്തെ സ്വീകരിച്ചു.