26 April 2024 Friday

സാക്ഷരതാ ദിനത്തില്‍ വിദ്ധ്യാര്‍ത്ഥിയെ ആദരിക്കാന്‍ അധ്യാപകരെത്തി

ckmnews

ചങ്ങരംകുളം:മൂക്കുതല വടക്കുമുറി ഗ്രാമീണ വായനശാല സാക്ഷരതാ ദിനത്തോടനുബന്ധിച്ച്, കേരള സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി എഴുത്തും വായനയും പഠിച്ച പ്രദേശത്തെ ഏറ്റവും മുതിര്‍ന്ന അംഗത്തെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. മൂക്കുതല വടക്കുമുറി ചട്ടിക്കല്‍ തങ്കമ്മുവിനെയാണ് ആദരിച്ചത്. തങ്കമ്മുവിനെ എഴുത്തും വായനയും പഠിപ്പച്ചത് സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന പെരുമ്പാത്തയില്‍ അശോകനാണ്. ഇപ്പോള്‍ ഗ്രാമീണ വായനശാലയുടെ എക്‌സിക്യൂട്ടീവ് അംഗമായ അശോകനാണ് ചടങ്ങില്‍ തന്റെ പ്രിയ വിദ്യാര്‍ത്ഥിക്ക് ആദരവ് അറിയിക്കാനെത്തിയത്. പഠിക്കാന്‍ വളരെ താല്‍പര്യമുണ്ടായിരുന്ന തങ്കമ്മു വളരെ പെട്ടെന്നാണ് എഴുത്തും വായനയും വശമാക്കിയതെന്ന് അശോകന്‍ അനുസ്മരിച്ചു. ഗ്രാമീണ വായനശാലാ പ്രസിഡന്റ് ജെനു മൂക്കുതല, സെക്രട്ടറി മന്‍സൂര്‍ഖാന്‍ വിരളിപ്പുറത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. വായനശാലയുടെ സ്‌നേഹോപഹാരം ചട്ടിക്കല്‍ തങ്കമ്മുവിന് സമ്മാനിച്ചു.