26 April 2024 Friday

സര്‍വകലാശാല ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍; നിയമപരമായി നേരിടുമെന്ന് സര്‍ക്കാര്‍

ckmnews

തിരുവനന്തപുരം : സര്‍വകലാശാല ഭേദഗതി ബില്ലും ലോകായുക്ത ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല ഭേദഗതി ബില്‍ തന്നെക്കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ മുകളിലുള്ളവര്‍ തീരുമാനിക്കട്ടേയെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിക്കുന്നത്. എന്നാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രമ്യമായി പരിഹരിക്കാന്‍ സാഹചര്യമൊരുങ്ങുന്നു എന്ന വിലയിരുത്തലുകള്‍ക്ക് തൊട്ടുപിന്നാലെയാണ് സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാനുള്ള ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം. ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ അതിനെ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

മറ്റ് 16 ബില്ലുകളും അംഗീകരിച്ചെങ്കിലും സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് മുന്‍പ് തന്നെ ഗവര്‍ണര്‍ സൂചന നല്‍കിയിരുന്നു. കൃത്യമായ നിയമോപദേശം കൂടി നേടിയ ശേഷമാണ് ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ ഒരുങ്ങുന്നതെന്നാണ് വിവരം. എന്നാല്‍ ബില്‍ ഏതെങ്കിലും കേന്ദ്രനിയമത്തെ ഹനിക്കുന്നത് അല്ലാത്തതിനാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.