27 April 2024 Saturday

ചങ്ങരംകുളം പന്താവൂർ സ്വദേശി പ്രൊഫ. പ്രദീപ് തലാപ്പിലിന് നാലു കോടിയുടെ വിൻഫ്യൂച്ചർ പുരസ്‌കാരം

ckmnews

ചങ്ങരംകുളം പന്താവൂർ സ്വദേശി പ്രൊഫ. പ്രദീപ് തലാപ്പിലിന് നാലു കോടിയുടെ വിൻഫ്യൂച്ചർ പുരസ്‌കാരം


എടപ്പാൾ: പ്രശസ്ത ജലഗവേഷകനും മദ്രാസ് ഐ.ഐ.ടി. അധ്യാപകനുമായ പ്രൊഫ. പ്രദീപ് തലാപ്പിലിന് നാലുകോടി രൂപയുടെ അന്താരാഷ്ട്ര പുരസ്കാരം. ശാസ്ത്രസാങ്കേതിക, വ്യാവസായിക മേഖലകളിലെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകുന്ന വികസ്വര രാജ്യങ്ങളിലെ ശാസ്ത്രപ്രതിഭകൾക്ക് നൽകുന്ന വിൻഫ്യൂച്ചർ പുരസ്കാരമാണിത്.



നൊബേൽ ജേതാക്കൾ അടക്കം പ്രഗല്ഭ ശാസ്ത്രജ്ഞർ അടങ്ങുന്ന വിൻഫ്യൂച്ചർ ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.


ആഴ്സനിക് വിമുക്തമായ കുടിവെള്ളത്തിന് ഉതകുന്ന പദാർഥങ്ങൾ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തിയ പ്രൊഫ. പ്രദീപിന് നേരത്തെ പദ്മശ്രീ ലഭിച്ചിരുന്നു. ചങ്ങരംകുളത്തിനടുത്ത പന്താവൂരിലെ കവിയും റിട്ട. അധ്യാപകനുമായ എൻ.എൻ. തലാപ്പിലിന്റെയും പി.പി. കുഞ്ഞിലക്ഷ്മി അമ്മയുടെയും മകനാണ് ഈ 59-കാരൻ.



വിയറ്റ്നാം തലസ്ഥാനമായ ഹാനോയിൽനടന്ന ചടങ്ങിൽ പുരസ്കാരസമിതി അധ്യക്ഷൻ പ്രൊഫസർ റിച്ചാർഡ് ഫ്രൻഡ് ഉപഹാരവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സമർപ്പിച്ചു.ഉത്തരേന്ത്യയിലെ ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്നതാണ് കുടിവെള്ളത്തിലെ ആഴ്സനിക്, അയേൺ അടക്കമുള്ളവയുടെ സാന്നിധ്യം. ഈ വെള്ളം കുടിക്കുന്നതിലൂടെ മാരകമായ രോഗങ്ങൾക്കടിമപ്പെട്ടിരുന്ന ഇവർക്ക് ശുദ്ധജലമെത്തിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഈ ഘട്ടത്തിലാണ് പ്രദീപ് തലാപ്പിലും സഹപ്രവർത്തരും ഭൂഗർഭജലത്തിലെ അപകടകരമായ മൂലകങ്ങളെ വൈദ്യുതി പോലുമാവശ്യമില്ലാതെ ചുരുങ്ങിയ ചെലവിൽ വേർതിരിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്