26 April 2024 Friday

ലുസെയ്‌ലിൽ സർവം ‘മെസ്സി മയം’ക്രൊയേഷ്യയെ വീഴ്ത്തി അർജന്റീന ഫൈനലിൽ (3–0)

ckmnews

ലുസെയ്‌ലിൽ സർവം ‘മെസ്സി മയം’ക്രൊയേഷ്യയെ വീഴ്ത്തി അർജന്റീന ഫൈനലിൽ (3–0)


ദോഹ ∙ ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ന് സർവ്വം മെസ്സി മയമായിരുന്നു. ലോകകപ്പ് വേദിയിൽ അർജന്റീന ജഴ്സിയിൽ കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ കാൽസെഞ്ചുറി തികച്ച് ലോകറെക്കോർഡിനൊപ്പമെത്തിയ സൂപ്പർതാരം ആ മത്സരം എന്നെന്നും ഓർമിക്കത്തക്കതാക്കിയതോടെ, ലോകകപ്പിൽ തുടർഫൈനലെന്ന ക്രൊയേഷ്യയുടെ സ്വപ്നം കരിഞ്ഞു ചാമ്പലായി. ഏതാനും ദിവസങ്ങൾക്കു മുൻപ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ അർജന്റീനയുടെ അയൽക്കാരായ ബ്രസീലിനെ കരയിച്ച് മുന്നേറിയ ക്രൊയേഷ്യയ്ക്ക്, ഇങ്ങകലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ കണ്ണീർമടക്കം. സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നിത്തിളങ്ങിയ മത്സരത്തിൽ അർജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്. അർജന്റീനയ്ക്കായി യുവതാരം ജൂലിയൻ അൽവാരസ് ഇരട്ടഗോൾ (39–ാം മിനിറ്റ്, 69–ാം മിനിറ്റ്) നേടിയ മത്സരത്തിൽ, ആദ്യ ഗോൾ 34–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് മെസ്സി നേടി.


ഇതോടെ ഖത്തർ ലോകകപ്പിലെ ടോപ് സ്കോറർമാരിൽ മെസ്സി, അഞ്ചു ഗോളുമായി ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കൊപ്പമെത്തി. അസിസ്റ്റുകൾ കൂടി പരിഗണിക്കുമ്പോൾ, നിലവിൽ എംബപെയ്ക്കു മേൽ മെസ്സിക്കു മുൻതൂക്കമുണ്ട്. അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടവും ഇനി മെസ്സിക്കു സ്വന്തം. കളിച്ച ആറു ലോകകപ്പ് സെമികളിലും തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചാണ് ലയണൽ മെസ്സിയും സംഘവും ഫൈനലിലേക്കു മാർച്ച് ചെയ്തത്.



ഡിസംബർ 18ന് ഇതേ വേദിയിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ, ഫ്രാൻസ് – മൊറോക്കോ രണ്ടാം സെമിഫൈനൽ വിജയികളാകും അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിൽ തോൽക്കുന്ന ടീമുമായി ക്രൊയേഷ്യ ഡിസംബർ 17ന് ഖലീഫ സ്റ്റേഡിയത്തിൽ മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും.