26 April 2024 Friday

ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ സെമിയില്‍;പോര്‍ച്ചുഗലിന് മടക്കം

ckmnews

ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ സെമിയില്‍;പോര്‍ച്ചുഗലിന് മടക്കം


ഒടുവിൽ മൊറോക്കോയുടെ പോരാട്ടവീര്യത്തിനു മുന്നിൽ മറുപടിയില്ലാതെ പോർച്ചുഗലും വീണു. 42-ാം മിനിറ്റിൽ യൂസഫ് എൻ നെസിരി നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. യഹ്യ അറ്റിയാറ്റ് നൽകിയ ക്രോസ് നെസിരി കൃത്യമായി വലയിലെത്തുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തെയും കാനഡയേയും മറികടന്ന് പ്രീ ക്വാർട്ടറിൽ സ്പെയ്നിനെയും തകർത്തുവിട്ട മൊറോക്കോ ഒടുവിൽ പോർച്ചുഗീസ് വീര്യത്തെയും തകർത്ത് സെമിയിലേക്ക്.


ഇരു ടീമും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞ മത്സരത്തിൽ പോർച്ചുഗീസ് അക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച മൊറോക്കോ പ്രതിരോധവും ഗോൾകീപ്പർ യാസ്സിൻ ബോനോയുടെ പ്രകടനവുമാണ് അവരെ സെമിയിലെത്തിച്ചത്.


ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വാലിദ് ചെദിര ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും പോർച്ചുഗീസ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ മൊറോക്കോയ്ക്കായി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ മൊറോക്കോ 10 പേരായി ചുരുങ്ങിയിട്ടും ആ സാഹചര്യം മുതലാക്കാൻ പോർച്ചുഗലിനായില്ല.


മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗലിന് ആദ്യ അവസരം ലഭിച്ചതാണ്. ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീ കിക്കിൽ നിന്നുള്ള ജാവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഹെഡർ പക്ഷേ മൊറോക്കൻ ഗോളി യാസ്സിൻ ബോനോ അവിശ്വസനീയമായി തട്ടിയകറ്റി.


പിന്നാലെ ഏഴാം മിനിറ്റിൽ മൊറോക്കോയ്ക്കും ഒരു അവസരം ലഭിച്ചു. ഹക്കീം സിയെച്ചെടുത്ത കോർണറിൽ നിന്ന് സ്കോർ ചെയ്യാനുള്ള അവസരം യൂസഫ് എൻ നെസിരി നഷ്ടപ്പെടുത്തി. താരത്തിന്റെ ഹെഡർ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.


പിന്നാലെ 26-ാം മിനിറ്റിലും എൻ നെസിരി മികച്ചൊരു അവസരം നഷ്ടപ്പെടുത്തി. ഇത്തവണ സിയെച്ചിന്റെ ഫ്രീ കിക്കിൽ നിന്നുള്ള നെസിരിയുടെ ഹെഡർ ക്രോസ്ബാറിന് മുകളിലൂടെ പോകുകയായിരുന്നു.


31-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ ഒരു ഹാഫ് വോളി ജവാദ് എൽ യാമിക് തടഞ്ഞു. ഒടുവിൽ 42-ാം മിനിറ്റിൽ നേരത്തെ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് പ്രായശ്ചിത്തമെന്ന പോലെ യഹ്യയുടെ ക്രോസ് പോർച്ചുഗൽ ബോക്സിൽ ഉയർന്നുചാടി നെസിരി വലയിലെത്തിക്കുകയായിരുന്നു. 45-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങുകയും ചെയ്തത് പോർച്ചുഗലിന് തിരിച്ചടിയായി.


രണ്ടാം പകുതിയിൽ പോർച്ചുഗൽ മികച്ചൊരു മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും 49-ാം മിനിറ്റിൽ മൊറോക്കോ രണ്ടാം ഗോളിന് തൊട്ടടുത്തെത്തി. സിയെച്ചിന്റെ ഫ്രീ കിക്ക് എൽ യാമിക് കണക്ട് ചെയ്തെങ്കിലും പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയുടെ കൃത്യസമയത്തെ ഇടപെടൽ രക്ഷയായി.


തുടർന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ, റാഫേൽ ലിയോ, റിക്കാർഡോ ഹോർട്ട എന്നിവരെ കളത്തിലിറക്കിയിട്ടും ഒരു ഗോൾ തിരിച്ചടിക്കാൻ പോർച്ചുഗലിന് സാധിച്ചില്ല.


83-ാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്ന് ജോവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഒരു ബുള്ളറ്റ് ഷോട്ട് ബോനോ തട്ടിയകറ്റി. പിന്നാലെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ റൊണാൾഡോയുടെ ഗോളെന്നുറച്ച ഷോട്ടും ബോനോ രക്ഷപ്പെടുത്തി.