26 April 2024 Friday

റിഷഭ് പന്തിൻ്റെ ശരാശരി 35, സഞ്ജുവിൻ്റേത് 60; മലയാളി താരത്തിനായി വാദിച്ച് ന്യൂസീലൻഡ് മുൻ താരം

ckmnews

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ന്യൂസീലൻഡ് മുൻ പേസറും കമൻ്റേറ്ററുമായ സൈമൾ ഡുൾ. ദേശീയ ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെയും സഞ്ജു സാംസണിൻ്റെയും പ്രകടനങ്ങൾ താരതമ്യം ചെയ്താണ് ക്രിക്ക്ബസിനു നൽകിയ അഭിമുഖത്തിൽ സൈമൺ ഡുളിൻ്റെ പ്രതികരണം.

“ഋഷഭ് പന്തിൻ്റെ കണക്കുകൾ ഭേദപ്പെട്ടതാണ്. (ഏകദിനത്തിൽ) 30 മത്സരങ്ങളോളം കളിച്ചപ്പോൾ ശരാശരി വെറും 35 ആണ്. സ്ട്രൈക്ക് റേറ്റ് നല്ലതാണ്. പക്ഷേ, 11 മത്സരങ്ങളിൽ നിന്ന് സഞ്ജുവിൻ്റെ ശരാശരി 60ൽ അധികമാണ്. സഞ്ജു മോശം വിക്കറ്റ് കീപ്പറുമല്ല. അയാൾ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു. ഋഷഭ്- സഞ്ജു ചർച്ചകളിൽ പതിനെപ്പറ്റി ഒരുപാട് കേൾക്കാറുണ്ട്. അയാളാണ് ഇന്ത്യൻ ടീമിൻ്റെ ഭാവി എന്നൊക്കെ. പക്ഷേ, വൈറ്റ് ബോൾ ക്രിക്കറ്റിൽ അയാൾ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. അസാമാന്യ ടെസ്റ്റ് പ്ലയറാണ്. അതിൽ തർക്കമില്ല. പക്ഷേ, വൈറ്റ് ബോൾ ക്രിക്കറ്റ് അദ്ദേഹം മികച്ച താരമാണോ? അതിൽ എനിക്ക് സംശയമുണ്ട്.”- ഡുൾ പറഞ്ഞു.

തുടരെ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും സഞ്ജുവിനെ തഴയുകയാണെന്ന വിമർശനം ശക്തമായിരിക്കെയാണ് ഡുളിൻ്റെ പ്രതികരണം. ലിമിറ്റഡ് ഓവറുകളിൽ മറ്റേത് വിക്കറ്റ് കീപ്പറെക്കാളും മികച്ച പ്രകടനങ്ങൾ സഞ്ജു നടത്തുന്നുണ്ട്. ഇതിനിടെ സഞ്ജു ഇന്ത്യക്കായി ടി-20യിൽ കളിയിലെ താരവുമായി. ഏകദിനത്തിൽ രണ്ട് അർദ്ധസെഞ്ചുറികൾ അടക്കം തകർപ്പൻ ഫോമിലുള്ള സഞ്ജു, ലക്നൗവിൽ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 86 റൺസ് ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നിട്ടും ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിർണായകമായ 36 റൺസ് എടുത്തിട്ടും രണ്ടാം മത്സരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

11 ഏകദിന മത്സരങ്ങളിൽ നിന്ന് 66 ശരാശരിയും 104 സ്ട്രൈക്ക് റേറ്റും സഹിതം 330 റൺസാണ് സഞ്ജുവിൻ്റെ സമ്പാദ്യം. 16 ടി-20യിൽ 135 സ്ട്രൈക്ക് റേറ്റും 21 ശരാശരിയും സഹിതം 296 റൺസും സഞ്ജു നേടിയിട്ടുണ്ട്. 2020 മുതലുള്ള കണക്കെടുത്താൽ ടി-20യിൽ 40ലധികം ശരാശരിയും 150നു മുകളിൽ സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.