01 May 2024 Wednesday

യുവേഫ ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിയെ 'ഇത്തിഹാദിൽ' തീർത്ത് റയൽ മാഡ്രിഡ് സെമിയിൽ

ckmnews


മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ് സെമിയിൽ. ഇന്ന് പുലർച്ചെ നടന്ന രണ്ടാം പാദ ക്വാർട്ടർ മത്സരവും സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. ഇതോടോ രണ്ട് പാദങ്ങളിലായി സ്കോർ 4-4ന് സമനിലയിൽ അവസാനിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് റയൽ വിജയം സ്വന്തമാക്കി.

മത്സരത്തിന്റെ 68 ശതമാനം സമയവും പന്തിനെ നിയന്ത്രിച്ചത് സിറ്റിയുടെ താരങ്ങളായിരുന്നു. 33 ഷോട്ടുകൾ സിറ്റി താരങ്ങൾ പായിച്ചു. അതിൽ ഒമ്പതെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ എട്ട് ഷോട്ടുകൾ മാത്രമാണ് റയൽ താരങ്ങളുടെ ഭാ​ഗത്ത് നിന്നുണ്ടായത്. 12-ാം മിനിറ്റിലെ ​ഗോളിലൂടെ മത്സരത്തിൽ മുന്നിലെത്താൻ സാധിച്ചത് റയലിനായിരുന്നു. റോഡ്രി​ഗോ ആണ് ​ഗോൾ നേടിയത്.

76-ാം മിനിറ്റിലെ ​ഗോളിലൂടെ കെവിൻ ഡിബ്രൂയ്‌നെ സിറ്റിക്കായി സമനില പിടിച്ചു. നിശ്ചിത സമയവും അധിക സമയവും പൂർത്തിയായപ്പോഴും ഇരുടീമുകളും സമനില പാലിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഹൂലിയൻ അൽവരാസ്, ഫിൽ ഫോഡൻ, ​ഗോൾ കീപ്പർ ആൻഡേഴ്സൺ എന്നിവർ മാഞ്ചസ്റ്റർ സിറ്റിക്കായി ​ഗോളുകൾ നേടി.

ബെർണാഡോ സിൽവ, മാറ്റിയോ കൊവാസിച്ച് എന്നിവർ പെനാൽറ്റിയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തി. റയൽ മാഡ്രിഡിനായി ലൂക്കാ മോഡ്രിച്ച് അവസരം നഷ്ടപ്പെടുത്തി. എന്നാൽ ‍ജൂഡ് ബെല്ലിംങ്ഹാം, ലൂക്കാസ് വാസ്ക്വസ്, നാച്ചോ, ആന്റോണിയോ റൂഡിഗർ എന്നിവർ റയലിനായി ലക്ഷ്യം കണ്ടു.