19 April 2024 Friday

ഗ്രൗണ്ടിൽ കളി മാത്രം മതി; കോലിക്കും ഗംഭീറിനും കടുത്ത ശിക്ഷ, നവീനെതിരെയും നടപടി

ckmnews


ലക്നൗ∙ ഐപിഎൽ മത്സരത്തിനിടയിലും ശേഷവുമുണ്ടായ തർക്കങ്ങളുടെ പേരിൽ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിക്കും ലക്നൗ മെന്റർ ഗൗതം ഗംഭീറിനുമെതിരെ കടുത്ത നടപടി. തിങ്കളാഴ്ച ലക്നൗവിൽ നടന്ന മത്സരത്തിലുണ്ടായ തർക്കങ്ങളിൽ കോലിയും ഗംഭീറും ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയാണു നടപടിയെടുക്കുന്നത്. ഇരുവരും മാച്ച് ഫീസ് പൂർണമായും പിഴയായി അടയ്ക്കേണ്ടിവരും.


ലക്നൗ ബാറ്റിങ്ങിനിടെ കോലിയോടു തര്‍ക്കിച്ചതിന് അഫ്ഗാനിസ്ഥാൻ യുവതാരം നവീൻ ഉൾ ഹഖ് മാച്ച് ഫീയുടെ പകുതി പിഴയായി അടയ്ക്കണം. ലക്നൗ ബാറ്റിങ്ങിനിടെ 17–ാം ഓവറിലാണ് കോലിയും നവീൻ ഉൾ ഹഖും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. നവീന് നേരെ കോലി കാലിലെ ഷൂ ചൂണ്ടിക്കാണിച്ച് സംസാരിക്കുകയും നവീൻ കോലിയെ തുറിച്ചു നോക്കുകയും ചെയ്തു. തുടർന്ന് അംപയർമാരും ലക്നൗ താരം അമിത് മിശ്രയും ഇടപെട്ടാണ് കോലിയെ ശാന്തനാക്കിയത്.

മത്സരത്തിനു ശേഷം ഷെയ്ക് ഹാൻഡ് നൽകുമ്പോഴും കോലിയും നവീൻ ഉൾഹഖും തർക്കിച്ചു. ഇതിനിടെ വിഷയത്തിൽ ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീറും ഇടപെട്ടു. തുടർന്ന് കോലിയും ഗംഭീറും തമ്മിലായി വാക്കുതർക്കം. ലക്നൗ ക്യാപ്റ്റൻ കെ.എല്‍. രാഹുൽ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്. മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 18 റൺസിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തോൽപിച്ചു.