30 April 2024 Tuesday

ജർമ്മനിയിൽ ചരിത്രം പിറന്നു; ബുന്ദസ്‌ലിഗയിൽ ആദ്യമായി ബയർ ലെവര്‍കൂസൻ ചാമ്പ്യൻസ്

ckmnews


ബെർലിൻ: ജർമ്മൻ ഫുട്ബോളിൽ പുതിയൊരു ചരിത്രം പിറന്നിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ബുന്ദസ്‌ലിഗയിൽ ബയർ ലെവര്‍കൂസൻ ചാമ്പ്യന്മാരായി. സാബി അലോന്‍സോയുടെ ലെവർകുസൻ എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്ക് വെർഡർ‌ ബ്രെമനെ തോൽപ്പിച്ചാണ് കിരീടം ഉറപ്പിച്ചത്. 29 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ 25 ജയം ഉൾപ്പടെ 79 പോയിന്റ് നേടിക്കഴിഞ്ഞു.

രണ്ടാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക് 29 മത്സരങ്ങളിൽ നിന്ന് 63 പോയിന്റേ നേടാൻ കഴിഞ്ഞിട്ടുള്ളു. കഴിഞ്ഞ 11 വർഷം ബുന്ദസ്‌ലിഗ ചാമ്പ്യന്മാരെന്ന ബയേണ് മ്യൂണികിന്റെ റെക്കോർഡും ഇവിടെ തകർന്ന് വീഴുകയാണ്. 1993ന് ശേഷം ഇതാദ്യമായാണ് ലെവര്‍കൂസൻ ഒരു കിരീടം സ്വന്തമാക്കുന്നത്.

ഇം​​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ടോട്ടനം വിട്ടെത്തിയ ഹാരി കെയ്ന് ഈ സീസണും കിരീടമില്ലാതെ അവസാനിപ്പിക്കേണ്ടി വരും. ടോട്ടനത്തിൻ്റെ എക്കാലത്തെയും മികച്ച ​ഗോൾ വേട്ടക്കാരനാണ് ഹാരി കെയ്ൻ‍. എങ്കിലും പ്രധാന കിരീടങ്ങളൊന്നും ഇം​ഗ്ലണ്ട് ദേശീയ ടീം നായകന് നേടാൻ കഴിഞ്ഞിട്ടില്ല.