09 May 2024 Thursday

കൊവിഡ് 19 എല്ലാതരം വായ്പകൾക്കും 12 മാസത്തെ മൊറട്ടോറിയം അവശ്യസാധനങ്ങൾ വാങ്ങാൻ വായ്പ

ckmnews

തിരുവനന്തപുരം : എല്ലാതരം ബാങ്ക് വായ്പകൾക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം നൽകാൻ ബാങ്കേഴ്സ് സമിതി സബ് കമ്മിറ്റി ശുപാർശ. 2020 ജനുവരി 31 മുതൽ ആരംഭിച്ച് 12 മാസക്കാലയളവിലേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ അവശ്യസാധനങ്ങൾ വാങ്ങാൻ 10000 രൂപ മുതൽ 25000 രൂപ വരെ വായ്പ നൽകാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. എസ്.എല്‍.ബി.സി. കണ്‍വീനര്‍ അജിത് കൃഷ്ണന്‍ തീരുമാനങ്ങൾ വിശദീകരിച്ചു. ജനുവരി 31 വരെ മുടക്കമില്ലാതെ വായ്പ തിരിച്ചടവ് നടത്തിയവർക്കാണ് ഇളവ്. ആനുകൂല്യം വേണമെന്ന് ആവശ്യപ്പെടുന്നവർക്കാണ് വായ്പാ ഇളവ് നൽകുക. ഇതിന് പലിശ അധികമായി നൽകേണ്ടി വരും. പ്രതിസന്ധി കാലത്ത് വരുമാനമില്ലാതെ ബുദ്ധിമുട്ടിലാകുന്നവർക്ക് വീട്ടിലേക്ക് സാധങ്ങൾ വാങ്ങാനാണ് 10,000 രൂപ മുതൽ 25,000 രൂപ വരെ വായ്പ നൽകാൻ ശുപാർശ ചെയ്തിരിക്കുന്നത്. കോവിഡില്‍ എല്ലാ രംഗത്തും മാന്ദ്യം പിടിമുറുക്കിയ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിക്കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചര്‍ച്ച നടത്തിയത്. സർക്കാരിന്റെ ആവശ്യം ബാങ്കേഴ്സ് സമിതി അനുഭാവ പൂർവം പരിഗണിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം ബാധകമല്ലായിരുന്നു. ഇക്കുറി ഇത് കൂടി ഉൾപ്പെടുത്തി. സബ് കമ്മിറ്റിയുടെ ശുപാർശകൾ റിസര്‍വ് ബാങ്ക് അംഗീകരിക്കേണ്ടതുണ്ട്. ഇത് സാങ്കേതികമായ നടപടിക്രമം മാത്രമാണ്.