27 April 2024 Saturday

കടുത്ത നടപടികളിലേക്ക് കടന്ന് അറബ് രാജ്യങ്ങൾ

ckmnews

സൗദി അറേബ്യ;  സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഖത്തര്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തുന്നു; പൊതുഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിക്കില്ല

റിയാദ്: കോവിഡ് ബാധിതരുടെ എണ്ണം 118 ആയതോടെ കടുത്ത നിയന്ത്രങ്ങളും നടപടികളുമായി സൗദി സർക്കാർ. 16 ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യ, ആഭ്യന്തര, സൈനിക മന്ത്രാലയങ്ങള്‍ ഒഴികെയാണ് അവധി. വിവിധ സ്ഥാപനങ്ങളും രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അനിശ്ചിത കാലത്തേക്ക് അടക്കാന്‍ ഉത്തരവിറങ്ങി. 

പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ പരമാവധി ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്നും നിര്‍ദേശം നല്‍കി. എല്ലാ ഉത്തരവുകളും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി. 

പ്രധാനപ്പെട്ട നടപടികൾ 



1. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ 16 ദിവസത്തേക്ക് അടച്ചു. ഇവിടെ ജീവനക്കാര്‍ ഹാജരാകാന്‍ പാടില്ല. ആരോഗ്യം, ആഭ്യന്തരം, പ്രതിരോധ മന്ത്രാലയങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ മേഖലയില്‍ നേരത്തെ തീരുമാനിച്ച വിദൂര സ്മാര്‍ട്ട് ക്ലാസുകളും തുടരും.


2. രാജ്യത്തെ മുഴുവന്‍ മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും അടച്ചു. എന്നാല്‍ ഇവിടങ്ങളിലെ ഭക്ഷണം ലഭ്യമാകുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും തുറക്കാം. ഇവര്‍ സ്റ്റൈറിലൈസേഷനുള്ള സംവിധാനം സജ്ജീകരിക്കണം. 24 മണിക്കൂര്‍ സേവനത്തിനും സന്നദ്ധമാകണം എന്നിവയാണ് നിബന്ധനകള്‍. ഫാര്‍മസികള്‍ക്കും മുഴു സമയം പ്രവര്‍ത്തിക്കാം. ഷോപ്പിങ് കോംപ്ലക്സുകളിലെ ഭക്ഷണത്തിന്റേതല്ലാത്ത ഒരു സ്ഥാപനവും തുറക്കാന്‍ പാടില്ല. എന്നാല്‍ ഷോപ്പിങ് കോംപ്ലക്സുകളിലല്ലാതെ ഒറ്റക്ക് പ്രവര്‍ത്തിക്കുന്ന വ്യാപാര വാണിജ്യസ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ഇവ ഏതൊക്കെയെന്ന് മുനിസിപ്പാലിറ്റി തീരുമാനിക്കും. 


3. രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടി പാര്‍ലറുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനിശ്ചിത കാലത്തേക്ക് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.


4. ഭക്ഷണം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും പാര്‍സല്‍ സംവിധാനം മാത്രമേ അനുവദിക്കൂ. ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം ഭക്ഷണം സ്ഥാപനത്തില്‍ വെച്ച് തന്നെ കഴിക്കുന്നത് നിരോധിച്ചു. 24 മണിക്കൂറും ഭക്ഷ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും.

5. വിനോദത്തിനായി ഒത്തു കൂടുന്നതും നിരോധിച്ചു. പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോട്ടുകള്‍, ക്യാമ്പ് ചെയ്യല്‍ എന്നിവയെല്ലാം നിരോധിച്ചു. പൊതു ഇടങ്ങളിലും ആളുകള്‍ ഒത്തു ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതു സ്ഥലങ്ങളിലെ മുഴുവന്‍ ലേലം വിളികള്‍ക്കും പ്രക്രിയകള്‍ക്കും നിരോധനം പ്രാബല്യത്തിലായി.

6. സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള എല്ലാ വിധ അന്വേഷണങ്ങളും നടപടികളും ഇടപാടുകളും ഇലക്ട്രോണിക് സംവിധാനം വഴിയാക്കി. വിവിധ കമ്പനികളും സര്‍ക്കാറും തമ്മിലുള്ള ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. ഫോണ്‍ വഴി മാത്രം അന്വേഷണങ്ങള്‍ പരിമിതപ്പെടുത്തി.


7. ജോലി സ്ഥലങ്ങളില്‍ പരമാവധി ജീവനക്കാരെ കുറക്കാന്‍ സ്വകാര്യ കമ്പനികളോടും ഭരണകൂടം നിര്‍ദേശിച്ചു. കഴിയുന്നത്ര ജീവനക്കാരുടെ എണ്ണം ഈ സമയത്ത് കുറക്കണം. പരമാവധി ജോലികള്‍ വീടുകളില്‍ നിന്നും ചെയ്യാന്‍ പാകത്തില്‍ ക്രമീകരിക്കണം. ഗര്‍ഭിണികള്‍, ആരോഗ്യ പ്രയാസം ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം നിര്‍ബന്ധമായും ലീവ് അനുവദിക്കണം.

8. വിദേശത്ത് നിന്നും എത്തുന്ന ജീവനക്കാര്‍ക്ക് 14 ദിവസം നിര്‍ബന്ധമായും അവധി നല്‍കണം. ഇവര്‍ വീടുകളിലോ താമസ സ്ഥലങ്ങളിലോ നിരീക്ഷണത്തില്‍ തുടരണം. അസുഖമില്ലെന്ന് ഉറപ്പു വരുത്താനാണിത്.

ദോഹ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 18-ാം തീയ്യതി മുതല്‍ എല്ലാ വിമാന സര്‍വീസുകളും 14 ദിവസത്തേക്ക്  നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. ഇതിന് പുറമെ മെട്രോകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിവെച്ചു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് കൊറോണ നിയന്ത്രണത്തിനുള്ള കൂടുതല്‍ നടപടികള്‍ തീരുമാനിച്ചത്. ബുധനാഴ്ച മുതല്‍ 14 ദിവസത്തേക്ക് രാജ്യത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കും. കാര്‍ഗോ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വില്ലക്കില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖത്തര്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള വിമാനങ്ങളും സര്‍വീസ് നടത്തും. ഖത്തറിലെ പൗരന്മാരും വിദേശികളും പരമാവധി യാത്രകള്‍ ഒഴിവാക്കണം. വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ അതതിടങ്ങളിലെ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ആവശ്യമെങ്കില്‍ ഇവര്‍ക്ക് നാട്ടിലെത്തുന്നതിനുള്ള സൗകര്യം അതാതിടങ്ങളിലെ ഖത്തര്‍ എംബസികള്‍ ഒരുക്കും.

മെട്രോയും ബസ് സര്‍വീസും ഉള്‍പ്പെടെയുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ഞായറാഴ്ച രാത്രിയോടെ പ്രവര്‍ത്തനം നിര്‍ത്തി. 55ന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, മാനസിക സമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് താമസ സ്ഥലത്തിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കും. രാജ്യത്ത് ഞായറാഴ്ച മാത്രം 64 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 401 ആയി. നാല് പേര്‍ക്ക് ഇതിനോടകം രോഗം ഭേദമാവുകയും ചെയ്തു. 7950 പേര്‍ക്ക് പരിശോധന നടത്തിയത്.


മസ്‍കത്ത്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ അതീവ ജാഗ്രത തുടരുന്നു. ജിസിസി രാജ്യങ്ങളിലെ പൗരന്മാരൊഴികെ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാൻ സുപ്രീം കമ്മറ്റി ഉത്തരവ് പുലപ്പെടുവിച്ചു. മാർച്ച് 17 മുതൽ നിരോധനം  പ്രാബല്യത്തിൽ  വരും.

കര, വ്യോമ, നാവിക അതിർത്തികളിലൂടെ സ്വദേശികളുൾപ്പെടെ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകേണ്ടിവരും. അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ഉണ്ടായിരിക്കുന്നതല്ല. വിവാഹ പരിപാടികൾ, മറ്റ് വിനോദ ഒത്തുചേരലുകൾ എന്നിവക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഖബറടക്കത്തിന് ആളുകൾ കൂടുന്നതും നിരോധിച്ചിട്ടുണ്ട്.  പാർക്കുകളും അടച്ചിടും.

ഇതുവരെ ഒമാനിൽ 22 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സുപ്രിം കമ്മറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ പ്രക്രിയകൾ രാജ്യത്ത് ശക്തമാക്കിയിരിക്കുകയാണ്.