26 April 2024 Friday

തവനൂർ സെൻട്രൽ ജയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ckmnews



കനത്ത സുരക്ഷയിലും വഴിനീളെ പ്രതിഷേധം



എടപ്പാൾ:പ്രതിഷേധം നിലനിൽക്കെ തവനൂർ സെൻട്രൽ ജയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.കാലത്ത് 10 മണിയോടെ അതീവ സുരക്ഷാ വലയത്തോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തിയത്.ഉദ്ഘാടനത്തിന് മുഖ്യമന്ത്രി തൃശ്ശൂരിൽ നിന്ന് കാർ മാർഗ്ഗം എത്തുന്ന വിവരം അറിഞ്ഞ്  യൂത്ത് കോൺഗ്രസ്സ് അടക്കമുള്ള വിവിധ പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയിരുന്നു.പെരുമ്പിലാവിൽ കരിങ്കൊടി കാണിച്ച  ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ചങ്ങരംകുളത്ത് കരിങ്കൊടിയുമായി മുഖ്യമന്ത്രിയെ തടയാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധിക്ക് പന്താവൂർ,ലീഗ് നേതാവ് എപി അബ്ദുറു എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം പ്രവർത്തകരെ പെരിന്തൽമണ്ണ ഡിവൈഎസ്പി, ചങ്ങരംകുളം സിഐ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു.മുഖ്യമന്ത്രി കടന്ന് പോകുന്ന വഴികളിലെല്ലാം കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.കുറ്റിപ്പുറം പാലത്തിന് സമീപത്ത് പ്രതിഷേധവുമായി തടിച്ച് കൂടിയ നൂറ്കണക്കിന് വരുന്ന പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത് വലിയ രീതിയിൽ സംഘർഷങ്ങൾക്കാണ് വഴി വെച്ചത്.നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞ് പോയില്ല.മുഖ്യമന്ത്രി പോവുന്ന പാതയിലേക്ക് കരിങ്കൊടിയുമായി തള്ളിക്കയറാൻ ശ്രമിച്ച നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു.ഇതിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോവുകയായിരുന്നു.കസ്റ്റഡിയിൽ എടുത്ത നേതാക്കളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പ്രകടനമായി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ എത്തിയ മന്ത്രി അബ്ദുറഹിമാന്റെ വാഹനം പ്രവർത്തകർ തടഞ്ഞെങ്കിലും നേതാക്കളും പോലീസും ഇടപെട്ടതോടെ മന്ത്രി വാഹനം കടന്ന് പോവുകയായിരുന്നുജില്ലയിൽ പലയിടത്തും ഇപ്പോഴും യുഡിഎഫ് പ്രതിഷേധം തുടരുകയാണ്