09 May 2024 Thursday

പെട്രോൾ, ഡീസൽ തീരുവ 3 രൂപ കൂട്ടി കേന്ദ്രം ; ക്രൂഡ് ഏറ്റവും കുറഞ്ഞ നിരക്കില്‍

ckmnews

ന്യൂഡൽഹി∙  പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് കൂട്ടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ്‌ രാജ്യത്ത് വില കൂട്ടുന്നത്. എക്സൈസ് തീരുവ രണ്ടു രൂപയും റോഡ് സെസ് ഒരു രൂപയുമാണ് വർധിപ്പിച്ചത്. 


പെട്രോളിന്റെ പ്രത്യേക എക്‌സൈസ് തീരുവ രണ്ടു രൂപ വര്‍ധിപ്പിച്ച് എട്ടു രൂപയാക്കി. ഡീസലിന്റെ തീരുവ രണ്ടില്‍ നിന്ന് 4 രൂപയിലേക്കുമാണ് ഉയര്‍ത്തിയത്. ഇതിനു പുറമേ പെട്രോളിന്റെയും ഡീസലിന്റെയും റോഡ് സെസ് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ റോഡ് സെസ് 10 രൂപയായി. എക്‌സൈസ് തീരുവ വര്‍ദ്ധനവ് സാധാരണ ഗതിയില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിന് കാരണമാകുമെങ്കിലും രാജ്യാന്തര എണ്ണവിലയിലെ എക്കാലത്തെയും വലിയ ഇടിവ് ഉണ്ടായതിനാല്‍ ഇത് ക്രമീകരിക്കപ്പെടാനാണ് സാധ്യത.


രാജ്യത്ത് പ്രതിദിനം പെട്രോൾ, ഡീസൽ വിലകൾ നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണ്. വില നിർണയത്തിൽ ഒട്ടേറെ ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവില തന്നെ. രണ്ടാമതായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി (പെട്രോളും ഡീസലും ഇപ്പോഴും ജിഎസ്ടിക്കു പുറത്താണ്). കൂടാതെ ഇന്ധനം ഉപയോക്താക്കളിലെത്തുമ്പോൾ ഡീലർമാരുടെ കമ്മിഷനും മൂല്യവർധിത നികുതിയും കൂടി നൽകേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാന നികുതികൾ വളരെ കൂടുതലായതിനാലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരത്തിൽ നിൽക്കുന്നത്.


ഇന്ധനത്തിൽ നിന്നുള്ള നികുതിയാണു സർക്കാരുകളുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന്. 100 ശതമാനത്തിനു മുകളിലാണ് നിലവിൽ നികുതി. 2017 ജൂൺ മുതലാണ് എണ്ണവില ദിവസംതോറും നിശ്ചയിക്കുന്ന രീതിക്കു തുടക്കമിട്ടത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ ദിവസംതോറും വില നിശ്ചയിക്കുന്ന സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടത് എണ്ണക്കമ്പനികൾ തന്നെയാണ്. എങ്കിലും ഇപ്പോഴും രണ്ടാഴ്ചത്തെ ശരാശരി വിലയാണ് ഇന്ധനവില നിശ്ചയിക്കുന്നതിന് ആധാരം.


നികുതി ഉയർന്നു നിൽക്കുന്നതിനാൽ കഴിഞ്ഞ ദിവസമുണ്ടായ വിലയിടിവിന് ആനുപാതികമായി കുറഞ്ഞാലും പെട്രോൾ, ഡീസൽ വിലകളിൽ പരമാവധി കുറയുക 12 രൂപ വരെയാണ്. ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തിൽ എക്സൈസ് നികുതി കൂട്ടിയതോടെ വിലയിടിവിന്റെ പ്രയോജനം ജനങ്ങളിലെത്തുമോ എന്നു കാത്തിരുന്നു കാണാം.