26 April 2024 Friday

നാടൻപാട്ട് രംഗത്ത് 20 വർഷം: കയറിയിറങ്ങിയത് 1000 ത്തോളം വേദികൾ വിലക്കുകൾക്ക് വിലങ്ങാവാതെ ഫൈസൽ പാട്ട് തുടരുകയാണ്

ckmnews

നാടൻപാട്ട് രംഗത്ത്  20 വർഷം: കയറിയിറങ്ങിയത് 1000 ത്തോളം വേദികൾ


വിലക്കുകൾക്ക് വിലങ്ങാവാതെ ഫൈസൽ പാട്ട് തുടരുകയാണ്


ചങ്ങരംകുളം:കാവുകളിലും ഉത്സവപ്പറമ്പുകളിലും നാട്ടു സംഗീതം തിരഞ്ഞു നടന്ന ഫൈസൽ നാട്ടു വാദ്യങ്ങൾക്ക് ഒപ്പം ചേർന്ന് പാടി നാട്ടീണങ്ങളെ അരങ്ങിലെത്തിച്ച് 1000 ത്തോളം വേദികൾ കീഴടക്കി അരങ്ങ് തകർക്കുകയാണ്.മുക്കുതല കൊളഞ്ചേരി ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന പരേതനായ  പടിഞ്ഞാറയിൽ ചിയ്യാമുവിന്റെയും ഖദീജയുടെയും നാലാമത്തെ മകനായ ഫൈസൽ തന്റെ പതിറാമത്തെ വയസിലാണ് നാടൻ പാട്ട് രംഗത്തേക്ക് ചുവട് വെക്കുന്നത്.കേരളത്തിന്റെ തനതായ സംസ്കാരിക പൈതൃകങ്ങളായ നാടൻ പാട്ടുകളും നാടൻ കലകളും   പൊതുവേദികളിൽ പരിജയപ്പെടുത്തുന്നതിനും അടിമഗോത്രങ്ങളുടെ പാട്ടുകൾ പൊതുധാരണയിൽ എത്തിക്കുന്നതിനും ഫൈസൽ എന്ന നാടൻപാട്ട്  കലാകാരന്റെ പങ്ക് ചെറുതല്ല.ഈഴവരുടെയും പണിയാരുടെയും മാവിലൻ മാരുടെയും പാട്ടുകൾ  വേദിയിൽ എത്തിക്കുന്നതിലും

ഗോത്ര വിഭാഗങ്ങൾക്ക് കരുത്ത് പകരുന്നതിലും നീണ്ട 20 വർഷത്തെ പരിശ്രമത്തിനൊടുവിൽ ഫൈസലിന് സാധിച്ചു.വടക്കൻ കേരളത്തിലെ  നാട്ട് ആശാൻ മാരിൽ നിന്ന് ലഭിച്ച ശിക്ഷണത്തിൽ പഴം പാട്ടുകളെ പൊലിപ്പിച്ചു പാടി 20 വർഷമായി നാടൻപാട്ട് വേദിയിൽ അരങ്ങ് തകർക്കുന്ന ഫൈസൽ ഇതിനോടകം തകർത്താടിയ ത് ആയിരത്തിലതികം വേദികളിലാണ്.സ്വന്തം വീട്ടിലെയും നാട്ടുമ്പുറത്തെയും എതിർപ്പുകളെ മറികടന്ന്

കരിങ്കാളി,തെയ്യം,തിറ,തുടങ്ങിയ അനുഷ്ഠാന കലാ രൂപങ്ങൾ കൂടി ഉൾപ്പെടുത്തി ഫൈസൽ നടത്തി വരുന്ന നാടൻ പാട്ട് സംഘത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യത മലയാളികളുടെ ഉയർന്ന ആസ്വാദന നിലവാരത്തിന്റെ നേർ സാക്ഷ്യമാണെന്ന് ഫൈസൽ തന്നെ പറയുന്നു.നാട്ടിലെ നാടൻ പാട്ട് സംഘത്തിനൊപ്പം ചേർന്നാണ്  ഫൈസൽ ഈ രംഗത്തേക്ക് കടന്ന് വന്നത്.എട്ട് വർഷം മുമ്പ്

നാടൻ കലാ രൂപങ്ങൾ ഉൾപ്പെടുത്തി പട്ടാമ്പി കേന്ദ്രീകരിച്ച് വള്ളുവനാട് ആദിമൊഴി എന്ന പേരിൽ സ്വന്തമായി  കലാസമിതി രൂപീകരിക്കുകയായിരുന്നു.18 ഓളം കലാകാരൻമാരുടെ കൂട്ടായ്മായ ആദിമൊഴി കലാസമിതി ഇതിനോടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം വേദികൾ പിന്നിട്ടു.ഫൈസലിനെ നേതൃത്വത്തിലുള്ള ഈ നാടൻപാട്ട്  കലാസംഘത്തിന് ഇനിയും ഒരുപാട്  കാലം കാവുകളെയും അരങ്ങു കളെയും പാടി ഉണർത്താൻ കഴിയും