27 April 2024 Saturday

ഈ വർഷം ഹജ്ജിന് 10 ലക്ഷം പേർക്ക് അനുമതി; 65 വയസില്‍ താഴെയുള്ളവര്‍ക്ക് മാത്രം അനുമതി

ckmnews

റിയാദ്: കൊവിഡിന് ശേഷം നടക്കുന്ന ഈ വർഷത്തെ ഹജ്ജ് കര്‍മത്തില്‍ ലോകത്തെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന 10 ലക്ഷം പേരെ ഉള്‍പ്പെടുത്തും. മഹാമാരിയുടെ ഭീഷണി കുറഞ്ഞ സാഹചര്യത്തിൽ പത്ത് ലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകാൻ ആതിഥേയരായ  സൗദി അറേബ്യ തീരുമാനമെടുത്തു. ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് തീരുമാനിക്കും. 

കൊവിഡ് സാഹചര്യത്തിൽ 65 വയസിൽ താഴെയുള്ളവർക്കാണ് ഹജ്ജിന് അനുമതി നൽകുക. സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. രണ്ട് വർഷത്തിന് ശേഷമാണ് ഇത്രയധികം പേർക്ക് ഹജ്ജിന് അനുമതി നൽകുന്നത്. 2020ൽ ആയിരം പേർക്കും 2021ൽ അര ലക്ഷം പേർക്കുമാണ് ഹജ്ജ് അനുമതി നൽകിയിരുന്നത്. സാധാരണഗതിയിൽ 30 ലക്ഷത്തോളം പേരായിരുന്നു ഹജ്ജിൽ പങ്കെടുത്തിരുന്നത്.