27 April 2024 Saturday

കടവല്ലൂർ കൊള്ളഞ്ചേരി പാടത്തെ 200 ഏക്കർ മുണ്ടകൻ നെൽകൃഷി ദാഹിച്ച് വലയുന്നു നിരാഹാരസമരവും ഫലം കണ്ടില്ല:കർഷർ പിരിവെടുത്ത് തോടിന്റെ ആഴം കൂട്ടി

ckmnews

കടവല്ലൂർ കൊള്ളഞ്ചേരി പാടത്തെ 
 200 ഏക്കർ മുണ്ടകൻ
നെൽകൃഷി ദാഹിച്ച് വലയുന്നു

നിരാഹാരസമരവും ഫലം കണ്ടില്ല:കർഷർ പിരിവെടുത്ത് തോടിന്റെ ആഴം കൂട്ടി

ചങ്ങരംകുളം:കൃഷിക്ക് വെള്ളം ലഭ്യമാക്കാൻ സർക്കാരിനോട്‌ അഭ്യർത്ഥിച്ചു കൊണ്ട്‌ കർഷകർ ഒരു പകൽ മുഴുവൻ തോട്ടിലെ വെള്ളത്തിൽ ഇറങ്ങി നിന്ന് നിരാഹാര സത്യാഗ്രഹം നടത്തിയിട്ടും ഫലമില്ലാതെ ഒടുവിൽ കർഷകർക്ക് സ്വയം പിരിവെടുത്ത് തോടിനു ആഴം കൂട്ടേണ്ടി വന്നു.മലപ്പുറം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊള്ളഞ്ചേരി തോടിന്റെ 200 മീറ്റർ വരുന്ന് ഭാഗമാണു കർഷകർ പിരിവെടുത്ത് 50000 രൂപ ചിലവാക്കി ജെ സി ബി കൊണ്ടു വന്ന് ആഴം കൂട്ടിയത്‌. ഒതളൂർ ബണ്ടിൽ നിന്നും ഏതാനും ദിവസത്തേക്ക്‌ ലഭിച്ച വെള്ളം കൊണ്ടുവന്ന് ശേഖരിച്ചു വയ്ക്കാനാണ് കർഷകർ വലിയ തുക ചിലവഴിക്കേണ്ടി വന്നത്.

ആലങ്കോട് കടവല്ലൂർ പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്ന 200 ഏക്കർ മുണ്ടകൻ കൃഷി കരിഞ്ഞുണങ്ങുന്നതിൽ നിന്ന് രക്ഷപ്പെടുത്താൻ കർഷകരുടെ അവസാനവട്ട ശ്രമമാണിത്‌.

മലപ്പുറം പാലക്കാട്‌ തൃശുർ ജില്ലകളിൽ അഞ്ച് പാടശേഖരസമിതികൾക്ക്‌ കീഴിലായി 30 വർഷമായി തരിശ്‌ കിടന്നിരുന്ന 600 ഏക്കർ മുണ്ടകൻ കൃഷിയാണു കർഷകർ നാലു വർഷമായി കൃഷി ചെയ്തുവരുന്നത്. കഴിഞ്ഞ മൂന്നു വർഷവും വെള്ളം കിട്ടാത്തതുകൊണ്ട് കൃഷി ഭാഗികമായി കരിഞ്ഞുണങ്ങുകയും കൃഷി നഷ്ടത്തിൽ ആക്കുകയും ചെയ്തു. ജലസേചനത്തിന് ആകെയുള്ള കൊള്ളഞ്ചേരി തോട്‌ മണ്ണ് വന്ന് തൂർന്ന അവസ്ഥയിലായത് കൊണ്ട്‌ വെള്ളം സംഭരിക്കാൻ കഴിയുന്നില്ല. ഒതളൂർ ബണ്ടിൽ നിന്ന് ലഭിക്കുന്ന വെള്ളം ലഭിക്കുമ്പോൾ അതും സംഭരിക്കാൻ കഴിയുന്നില്ല. തോട്‌ ആഴം കൂട്ടാൻ നാലുവർഷമായി കർഷകർ ജനപ്രതിനിധികളോടും  സർക്കാരിനോടും  നിരന്തരം ആവശ്യപ്പെടുന്നുണ്ട്‌. 

ഈ ആവശ്യം ഉന്നയിച്ച്‌ കഴിഞ്ഞദിവസം കർഷകർ പകൽ മുഴുവൻ തോട്ടിലെ വെള്ളത്തിൽ ഇറങ്ങിനിന്ന് നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. എന്നിട്ടും ഫലം ഇല്ലാതായപ്പോളാണു കർഷകർ പിരിവെടുത്ത് ജെസിബി കൊണ്ടുവന്ന് മണ്ണുമാന്തി തുടങ്ങിയത്‌. 

കർഷകരുടെ നിരാഹാര നിൽപ്പ്‌ സത്യാഗ്രഹം മാധ്യമ ശ്രദ്ധ ആകർഷിച്ചതിനെ തുടർന്ന് പൊന്നാനി എംഎൽഎ കർഷകരുടെ യോഗം വിളിക്കുകയും ഉടൻ പരിഹാരം ഉണ്ടാകും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
. ഏഴ് കിലോമീറ്റർ ദൂരം വരുന്ന തോട്‌ നവീകരിക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ കൃഷി കരിഞ്ഞുണങ്ങുന്നു നോക്കിനിൽക്കാൻ കർഷകർക്ക് ആയില്ല. 

കഴിഞ്ഞവർഷം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് പത്ത് എച്ച്പി മോട്ടോർ ഇവിടെക്ക്‌ അനുവദിച്ചിരുന്നു. 

മറ്റെല്ലാ വകുപ്പുകളും ത്വരിതഗതിയിൽ ഫണ്ട് അനുവദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ കർഷകരുടെ കാര്യത്തിൽ മാത്രം സർക്കാർ മെല്ലേപോകുന്നത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കർഷക കൂട്ടായ്മ പറഞ്ഞു.