26 April 2024 Friday

മുണ്ടകൻ കൃഷിക്കായി നൂറടി തോട്ടിൽ നിന്ന് വെള്ളം തുറന്ന് വിട്ടു 9000 ഏക്കർ വരുന്ന പുഞ്ചക്കൃഷിക്ക് വെള്ളം മുട്ടുമെന്ന് പുഞ്ചക്കർഷകർ:പ്രതിഷേധം ശക്തം

ckmnews

മുണ്ടകൻ കൃഷിക്കായി നൂറടി തോട്ടിൽ നിന്ന് വെള്ളം തുറന്ന് വിട്ടു


9000 ഏക്കർ  വരുന്ന  പുഞ്ചക്കൃഷിക്ക് വെള്ളം മുട്ടുമെന്ന് പുഞ്ചക്കർഷകർ:പ്രതിഷേധം ശക്തം

   

ചങ്ങരംകുളം: പൊന്നാനി കോൾ മേഖലയിലെ പുഞ്ചക്കൃഷിക്ക് ആവശ്യമായ നൂറടിത്തോട്ടിലെ വെള്ളം മുണ്ടകൻപാടത്തേക്ക് തുറന്നുവിട്ടതിൽ പ്രതിഷേധം ശക്തമാകുന്നു.വ്യാഴാഴ്ച രാത്രിയോടെയാണ് നൂറടി തോട്ടിലെ വെള്ളം മുണ്ടകൻ കൃഷിയിടങ്ങളിലേക്ക് തുറന്നുവിട്ടത്.മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോൾമേഖലയിലെ 9,000 ഏക്കർ വരുന്ന പുഞ്ചക്കർഷകർ കൃഷി ആരംഭിച്ച സമയത്ത് തങ്ങളുടെ കൃഷി ആവശ്യത്തിനുള്ള വെള്ളം 150-200 ഏക്കർ മാത്രമുള്ള മുണ്ടകൻ കൃഷിക്കാർക്ക് തുറന്ന് വിടുന്നതിലൂടെ തങ്ങളുടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ലെന്നാരോപിച്ചാണ് പുഞ്ചക്കർഷകർ പ്രതിഷേധം തുടങ്ങിയത്.സാധാരണ മഴക്കാലത്ത് കൃഷിയിറക്കുന്ന മുണ്ടകൻ കർഷകർക്ക് വേനൽ കാലമാകുന്നതോടെ കൃഷി ചെയ്യാനാവശ്യമായ വെള്ളം ലഭ്യമാകാറില്ല.


വ്യാഴാഴ്ച പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിളിച്ചുചേർത്ത യോഗത്തിലാണ് മുണ്ടകൻ കൃഷിക്കായി വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.തൃശ്ശൂർ ജില്ലയിൽ വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോൾമേഖലയിലെ പുഞ്ചക്കർഷകരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമെടുക്കുന്ന യോഗത്തിലേക്ക് തൃശ്ശൂർ ജില്ലയിൽനിന്നുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷകപ്രതിനിധികൾ എന്നിവരെ വിളിച്ചിരുന്നില്ല. പുഞ്ചക്കർഷകരെ വിളിച്ചിരുന്നെങ്കിലും അവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു .


കോക്കൂർ, ഒതളൂർ, കടവല്ലൂർ മേഖലയിലെ 150 ഏക്കർവരുന്ന മുണ്ടകൻപാടത്തെ കൃഷിവെള്ളമില്ലാതെ കരിഞ്ഞുണങ്ങുമെന്നും ഇതിനാൽ രണ്ടാഴ്ച നൂറടിത്തോട്ടിൽനിന്ന് വെള്ളം തുറന്നുവിടണമെന്നും ആവശ്യപ്പെട്ട് കർഷകർ പെരുമ്പടപ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടറെ സമീപിച്ചിരുന്നു.ഇതേത്തുടർന്നാണ് വ്യാഴാഴ്ചചേർന്ന യോഗത്തിൽ 72 മണിക്കൂർ നേരത്തേക്ക് നൂറടിത്തോട്ടിൽനിന്ന് വെള്ളം മുണ്ടകൻപാടത്തേക്ക് തുറന്നുവിടാൻ തീരുമാനിച്ചത്.വെള്ളിയാഴ്ചയോടെ വെള്ളം തുറന്നുവിടുകയും ചെയ്തു. വെള്ളം തുറന്ന് വിടുന്നത് നിർത്തിയില്ലെങ്കിൽ ശനിയാഴ്ച മുതൽ പരൂർ പാടശേഖരത്തോട് ചേർന്നുള്ള നൂറടിത്തോട്ടിലെ വെള്ളം തടയണകെട്ടി തടയുമെന്നാണ് പരൂർ പാടശേഖരസമിതിയിലെ പുഞ്ചക്കർഷകർ പറയുന്നത്‌.


വെള്ളം തുറന്നുവിട്ടതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പെരുമ്പടപ്പ് കൃഷി അസി. ഡയറക്ടറുടെ ഓഫീസിലേക്ക് പുഞ്ചക്കർഷകർ നടത്തിയ മാർച്ച് പൊന്നാനി കോൾ വികസനസമിതി നേതാവ് സതീശൻ ഉദ്‌ഘാടനംചെയ്തു.പൊന്നാനി കോൾ സംരക്ഷണസമിതി വൈസ് പ്രസിഡൻറ് സി.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.എ. ജയാനന്ദൻ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കരുണാകരൻ, പി. റംഷാദ്, കെ.ടി. അബ്ദുൽ ജബ്ബാർ, അലിക്കുട്ടി ഹാജി, അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

മുണ്ടകൻപാടത്തേക്ക് വെള്ളം തുറന്നുവിടുന്നതിന് അനുകൂലമായ നിലപാടാണ് പൊന്നാനി,കുന്നംകുളം എം.എൽ.എ.മാർ സ്വീകരിച്ചത്. എന്നാൽ പുഞ്ചക്കർഷകർക്ക് അനുകൂലമായാണ് ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബറും ചാവക്കാട് കൃഷി അസി. ഡയറക്ടറും നിലപാടെടുത്തത്.നെൽക്കൃഷി വെള്ളം കിട്ടാത്തതിന്റെ പേരിൽ നശിക്കാതിരിക്കാനാണ് മൂന്നുദിവസത്തേക്ക് വെള്ളം തുറന്നുവിടാൻ ആവശ്യപ്പെട്ടതെന്നും എല്ലാവിഭാഗം കർഷകരുടെ ക്ഷേമത്തിനായും നിലകൊള്ളുമെന്നും പി. നന്ദകുമാർ എം.എൽ.എ.യും പറഞ്ഞു