26 April 2024 Friday

തണുത്ത് മരവിച്ച് യൂറോപ്പ്; ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർ ഹബ്ബുകളിലൊന്നായ ഇസ്താംബുള്‍ വിമാനത്താവളം അടച്ചുപൂട്ടി

ckmnews

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇസ്താംബുള്‍ വിമാനത്താവളം അടച്ചുപൂട്ടി. മഞ്ഞുവീഴ്ചയിൽ കാർഗോ ടെർമിനലുകളിലൊന്നിന്‍റെ മേൽക്കൂര തകർന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.'പ്രതികൂല സാഹചര്യങ്ങൾ കാരണം, എയർ സുരക്ഷയ്ക്കായി എല്ലാ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തിവച്ചതായി'' വിമാനത്താവളം പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. ഒപ്പം മഞ്ഞും മൂടിയ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവച്ചിട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർ ഹബ്ബുകളിലൊന്നാണ് ഇസ്താംബുള്‍ എയര്‍പോര്‍ട്ട്. കഴിഞ്ഞ വർഷം 37 ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകിയിരുന്നു.


ഇസ്താംബുളിലെ പുരാതന മോസ്കുകളുടെ മുറ്റങ്ങളിലും മഞ്ഞു നിറഞ്ഞിരിക്കുകയാണ്. ഇവിടെ കുട്ടികള്‍ കളിക്കുകയും ആളുകള്‍ സെല്‍ഫി എടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ച നഗരവാസികള്‍ക്ക് തലവേദനയായിട്ടുണ്ട്.

ഷോപ്പിംഗ് മാളുകൾ നേരത്തെ അടച്ചിരുന്നു.വിതരണക്കാർക്ക് മഞ്ഞുവീഴ്ചയിലൂടെ കടന്നുപോകാൻ കഴിയാത്തതിനാൽ ഫുഡ് ഡെലിവറി സേവനങ്ങളും നിര്‍ത്തിവച്ചു. റോഡുകള്‍ മഞ്ഞുമൂടി കിടക്കുന്നതിനാല്‍ ഗതാഗതസംവിധാനങ്ങള്‍ താറുമാറായി. അതേസമയം കിഴക്കൻ മെഡിറ്ററേനിയനിൽ അപൂർവമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഏഥൻസിൽ സ്കൂളുകളും വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചു.