26 April 2024 Friday

ഹൂതി മിസൈല്‍ ആക്രമണതിന്ന് തൊട്ടുപിന്നാലെ യെമനില്‍ ശക്തമായി തിരിച്ചടിച്ച് യുഎഇ

ckmnews



അബുദാബി: തിങ്കളാഴ്‍ച രാവിലെ അബുദാബിക്ക്  നേരെയുണ്ടായ മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെ യെമനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ത്ത് യുഎഇ തിരിച്ചടിച്ചു. മിസൈല്‍ ആക്രമണം നടത്താനായി യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഉപയോഗിച്ചിരുന്ന അല്‍ ജൌഫിലെ   കേന്ദ്രമാണ് യുഎഇ സേന തകര്‍ത്തത്. തിങ്കളാഴ്‍ച പുലര്‍ച്ചെ യെമന്‍ സമയം 4.10നായിരുന്നു എഫ്. - 16 യുദ്ധ വിമാനമുപയോഗിച്ച് യുഎഇ സൈന്യത്തിന്റെ ആക്രമണം.


ആക്രമണം നടത്തിയ വിവരം യുഎഇ പ്രതിരോധ സേന സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്‍തു. തിങ്കളാഴ്‍ച പുലര്‍ച്ചെ യുഎഇ സമയം 4.30ഓടെയാണ് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് അബുദാബിയില്‍ ആക്രമണം നടത്താന്‍ ഹൂതികള്‍ ശ്രമിച്ചത്. എന്നാല്‍ രണ്ട് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ യുഎഇ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തു. തകര്‍ന്ന മിസൈലുകളുടെ അവശിഷ്‍ടങ്ങള്‍ ജനവാസമില്ലാത്ത മേഖലകളിലാണ് പതിച്ചത്. അതുകൊണ്ടുതന്നെ ആക്രമണത്തില്‍ ആളപായമോ മറ്റ് നാശനഷ്‍ടങ്ങളോ ഉണ്ടായില്ല. ഈ ആക്രമണം നടന്ന് മിനിറ്റുകള്‍ക്കകം തന്നെ യുഎഇ സേന യെമനിലെ ഹൂതികളുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ക്കുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് ആക്രമണത്തെയും നേരിടാൻ സജ്ജമാണെന്നും യുഎഇ അറിയിച്ചു.കഴിഞ്ഞയാഴ്ച്ച യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്‌നോക്കിന്‍റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബുദാബി വിമാനത്താവളത്തിന്‍റെ പുതിയ നിര്‍മ്മാണ മേഖലയിലും ഹൂതികള്‍ നടത്തിയ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. പിന്നാലെ യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ യുഎൻ അടക്കമുള്ളവർ പ്രതിഷേധിച്ചതിനിടെയാണ് വീണ്ടും ആക്രമണം. ഹൂതികളെ വീണ്ടും ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും അഭിപ്രായപ്പെട്ടിരുന്നു.  മേഖലയില്‍ സമാധാനം തിരിച്ചുപിടാക്കാനുള്ള  ശ്രമങ്ങള്‍ ഹൂതി വിമതര്‍ തള്ളിക്കളയുമ്പോള്‍ 2014 ൽ ആരംഭിച്ച യമൻ ആഭ്യന്തരയുദ്ധം പുതിയ മേഖലയിലേക്ക് പടർന്നുകയറുന്നതായാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.