27 April 2024 Saturday

കൊറോണ വ്യാപാര മേഖലയിലും കടുത്ത പ്രതിസന്ധി നഷ്ടം താങ്ങാതെ വ്യാപാര സ്ഥാപനങ്ങള്‍ പലതും പൂട്ടുന്നു

ckmnews

ചങ്ങരംകുളം:സാമ്പത്തിക പരിഷ്കാരങ്ങളും പ്രതിസന്ധിയും മൂലം ദുരിതത്തിലായ വ്യാപാര മേഖലയെ കൂടുതല്‍ ആശങ്കയിലാക്കുകയാണ് കൊറോണയും പക്ഷിപ്പനിയും.നിലവിലെപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയാതെ ഹോട്ടല്‍ അടക്കമുള്ള പല വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.പലരും തൊഴിലാളികളെ പിരിച്ച് വിട്ട് തുടങ്ങി.പക്ഷിപ്പനി മൂലം പ്രതിസന്ധിയിലായ കോഴി കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടങ്ങളാണ് സംഭവിച്ചത്.കോഴി വാങ്ങാന്‍ ആളില്ലാതെ വന്നതോടെ പല സ്ഥലത്തും 20 രൂപക്ക് വരെ കോഴി വില്‍പന നടത്തിയെന്നാണ് വിവരം.കോഴിയിറച്ചി പ്രധാന വിഭവമായി കച്ചവടം തുടങ്ങിയ പുതിയ പല റസ്റ്റോറന്റുകളിലും ഷവര്‍മ്മ ഷവായി തുടങ്ങിയ ചിക്കന്‍ വിഭവങ്ങളുടെ വില്‍പനയും ഗണ്യമായി കുറഞ്ഞതോടെ ഹോട്ടല്‍ റസ്റ്റോറന്റ് ഉടമകളും വലിയ നഷ്ടം സഹിക്കുകയാണ്.ചൈനയില്‍ നിന്ന് എത്തുന്ന സാധനങ്ങള്‍ക്ക് നിയന്ത്രണം വന്നതോടെ ചൈന ഉല്‍പന്നങ്ങള്‍ മാത്രം വില്‍പന നടത്തി ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്.കൊററോണ ഭീതിയില്‍ തീയറ്ററുകള്‍ അടച്ചതും ഉത്സവങ്ങള്‍ പൊതു പരിാടികള്‍ പോലുള്ളവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും കൂടി ചെയ്തതോടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ തന്നെ മടി കാണിച്ച് തുടങ്ങി.ഓട്ടോ ടാക്സി അടക്കമുള്ള വാഹനങ്ങള്‍ക്ക് ഓട്ടം കുറഞ്ഞതോടെ ഈ മേഖലയില്‍ ഉപജീവനം കണ്ടെത്തുന്നവരും പ്രതിസന്ധിയിലായിട്ടുണ്ട്.ടൗണിലേക്ക് ആളുകള്‍ മടി കാണിച്ചതോടെ പല ടൗണുകളിലും ഹര്‍ത്താല്‍ പ്രതീതിയായി തുടങ്ങി.ആശങ്കകളും നിയന്ത്രണങ്ങള്‍ നീങ്ങി വ്യാപാര മേഖല നില മെച്ചപ്പെടുത്തുമെന്ന് സമാധാനിച്ച് കച്ചവട സ്ഥാപനങ്ങള്‍ തുറന്നിരിക്കുന്നവരാണ് അങ്ങാടികളില്‍ കാണുന്നത്.കാര്‍ഷിക മേഖലയിലും വലിയ പ്രതിസന്ധി നേരിടുന്നതായി കര്‍ഷകര്‍ പറയുന്നു വിപണിയില്‍ ഉല്‍പന്നങ്ങള്‍ക്ക് മാന്യമായ വില ലഭിക്കാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്.ചൂട് കൂടിയതോടെ സീസണ്‍ കച്ചവടം ലക്ഷ്യമിട്ട് പാതയോരങ്ങളില്‍ കച്ചവടം തുടങ്ങിയ ശീതള പാനീയങ്ങളുടെയും പഴവര്‍ഗ്ഗങ്ങളുടെയും വില്‍പനക്കാര്‍ക്കും ഇത്തവണ പ്രതീക്ഷിച്ച വ്യാപാരമില്ല.ഉത്സവം പോലുള്ള ആഘോഷപരിപാടികള്‍ക്ക് നിയന്ത്രണം വന്നത് ഈ മേഖലയില്‍ ഉജീവനം നടത്തുന്നവര്‍ക്കും തിരിച്ചടിയായിട്ടുണ്ട്