09 May 2024 Thursday

കലി വേളിയെ പക്ഷിസങ്കേതമാക്കിയതിന് പിന്നിൽ ചങ്ങരംകുളം പന്താവൂർ സ്വദേശി രതീഷ് നാരായണൻ

ckmnews

കലി വേളിയെ പക്ഷിസങ്കേതമാക്കിയതിന് പിന്നിൽ ചങ്ങരംകുളം പന്താവൂർ സ്വദേശി രതീഷ് നാരായണൻ


ചങ്ങരംകുളം:തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിലെ കലി വേളിയെ പക്ഷി സങ്കേതമാക്കാൻ പ്രവർത്തിച്ചതിന് പിന്നിൽ ചങ്ങരംകുളം പന്താവൂർ സ്വദേശിയായ മലയാളിയും പോണ്ടിച്ചേരിയിൽ താമസക്കാരനുമായ  രതീഷ് നാരായണനും.പോണ്ടിച്ചേരിയോട് തൊട്ടു കിടക്കുന്ന പ്രദേശമാണ് വിഴുപ്പുറം ജില്ല.വിഴുപ്പുറം ജില്ലയിൽ കണ്ണെത്താദൂരം പരന്ന് കിടക്കുന്ന പുൽപ്പരപ്പുകളും ചതുപ്പുനിലങ്ങളും.അവിടെ പറന്നിറങ്ങുന്ന സുന്ദരനായ മേടുതപ്പി പിന്നാലെ എത്തുന്ന പൂച്ചയും മൂങ്ങയും  കായൽ പരുന്തും ചേരക്കോഴികളും പക്ഷികളും.. കണ്ണൊന്നു തെറ്റിയാൽ അവയെ അകത്താക്കാൻപാഞ്ഞെത്തുന്ന കുറുനരികളും.. തമിഴ്നാട്ടിലെ വിഴുപ്പുറം: ജില്ലയിലെ പുതിയ പക്ഷിസങ്കേതമായ കലിവേളിയിലെ കാഴ്ചകൾ.

 പന്ത്രണ്ടായിരത്തിലധികം ഏക്കറിൽ വരുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചതുപ്പു പ്രദേശങ്ങളിൽ ഒന്ന് പക്ഷിസങ്കേതമാക്കാൻ യത്നിച്ചവരിൽ ഒരു മലയാളി കൂടിയുണ്ട്.  എടപ്പാളിനടുത്ത പന്താവൂർ സ്വദേശി രതീഷ് നാരായണൻ. വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ രതീഷ് വർഷങ്ങളോളം കലി വേളിയിൽ നിന്നെടുത്ത ചിത്രങ്ങളും പക്ഷി കണക്കും വിവരങ്ങളും കൂടി പരിഗണിച്ചാണ് തമിഴ്നാട് സർക്കാർ കഴിഞ്ഞ ആഴ്ച പുതിയ പക്ഷി സങ്കേതം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിലാണ് കലിവേളി തടാകവും ചതുപ്പും. ദേശാടന പക്ഷികളുടെ ഇഷ്ട ഇടമാണിത്.224 ഇനം പക്ഷി ജാതികളെ കണ്ടെത്തിയിട്ടുണ്ട്.തണുപ്പുകാലത്ത് മുപ്പതിനായിരത്തിലധികം കാട്ടു താറാവുകളുടെ വാസയിടമാണിത്.ദേശാടന കാലത്ത് നാൽപതിനായിരത്തോളം കടൽ പക്ഷികളും ഇവിടെയെത്തും.പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിലെ (ജിപ്മെർ ) മെഡിക്കൽ ഓങ്കോളജി വകുപ്പിലെ സീനിയർ ട്രയൽ കോർഡിനേറ്റർ ആണ് രതീഷ് നാരായണൻ.എട്ടുവർഷം മുമ്പാണ് വന്യജീവി ഫോട്ടോഗ്രാഫിയിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും  തിരിയുന്നത് ." പക്ഷി സങ്കേതത്തിന് ആയി പ്രവർത്തിച്ച പുതുച്ചേരിയിലെ ഇൻഡി ജിനസ് ബയോഡൈവേഴ്സിറ്റി ഫൗണ്ടേഷന്റെ (ഐ.ബി. എഫ് ) ഭാഗമായാണ് രതീഷ് നാരായണൻ  ഇതിൽ പങ്കാളിയായത്.വനംവകുപ്പിന്റെ പിന്തുണയും ഉണ്ട് രതീഷിന്.രതീഷ് നാരായണനൊപ്പം തമിഴ് നാട്ടുകാരായ  വിമൽ, റാം, പ്രഭു, കിഷോർ, എന്നിവരും തുല്യ പങ്കാളികളാണെന്ന് രതീഷ് നാരായണൻ പറഞ്ഞു. ഈ സംഘം വർഷങ്ങളായി കലിവേളിയിൽ നിന്നും ശേഖരിച്ച പക്ഷി കണക്കുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറി.ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കഴിഞ്ഞ തിങ്കളാഴ്ച തമിഴ്നാട് സർക്കാർ കലിവേളിയിലെ 12,730 ഏക്കർ സ്ഥലം പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്.പുതുച്ചേരിയിൽ നീർനായ വിഭാഗത്തിലെ " സ്മൂത്ത് കോട്ടഡ് ഒട്ടേഴ്സ് " ഉണ്ടെന്ന് കണ്ടെത്തിയത് രതീഷ് നാരായണൻ ആയിരുന്നു. കുടുംബ സമേതം പോണ്ടിച്ചേരിയിലാണ് രതീഷ് നാരായണൻ്റെ താമസം.ദീർഘകാലം പോണ്ടിച്ചേരി സർവ്വോദയ സംഘത്തിൻ്റെ   സെക്രട്ടറിയായിരുന്നു.സുലോചനയാണ് ഭാര്യ.ഇവാൻ,ഇഷാൻ എന്നിവർ മക്കളാണ്.സഹോദരൻ രമേഷ്. പന്താവൂർ സ്വദേശി ചെറുപറമ്പിൽ നാരായണൻ-ചന്ദ്രവതി എന്നിവരാണ് മാതാപിതാക്കൾ