26 April 2024 Friday

ഡോക്ടർമാരുടെ നിൽപു സമരം ഇന്ന് മുതൽ; ചികിത്സകളെ ബാധിക്കാത്ത തരത്തിലാകുമെന്ന് കെജിഎംഒഎ

ckmnews

തിരുവനന്തപുരം: കെജിഎംഒഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാ‍ർ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിൽപ്പ് സമരം  തുടങ്ങും. റിസ്ക് അലവൻസ് നൽകാത്തതിലും, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിലുമാണ് പ്രതിഷേധം. ചികിത്സകളെ ബാധിക്കാത്ത തരത്തിലാകും നിൽപ്പ് സമരം.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ഉള്ള ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും.


Read More: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു, സർക്കാർ വാക്കുപാലിച്ചില്ല; ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്


ശമ്പള വർധനവിലെ അപാകതകൾക്ക് എതിരെ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും സമരത്തിലാണ്. അതേസമയം, സംസ്ഥാനത്തെ പി.ജി ഡോക്ടർമാർ ഇന്നുമുതൽ പ്രഖ്യാപിച്ച  ബഹിഷ്കരണ സമരം പിൻവലിച്ചു. ഒ.പി, ഐ.പി അടക്കം എല്ലാ എമർജൻസി ഡ്യൂട്ടികളും ബഹിഷ്കരിച്ചുള്ള സമരം ആണ് പിൻവലിച്ചത്.   ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.   


പിജി ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ - അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ 2 ദിവസത്തിനുള്ളിൽ നിയമിക്കും എന്ന ഉറപ്പു കിട്ടിയതോടെയാണ് സമരം പിൻവലിച്ചത്. നീറ്റ് - പിജി പ്രവേശനം നീളുന്നതിന് എതിരെ കഴിഞ്ഞ ഒരാഴ്ചയായി സമരം തുടരുകയാണ്.

പ്രവേശനം നീളുന്നത്  കാരണമുണ്ടായ ഡോക്ടർമാരുടെ കുറവും അമിതജോലിഭാരവും ആണ് സമരത്തിന് കാരണമായത്.  സുപ്രീം കോടതി ഇടപെടലാണ് പ്രവേശന നടപടികൾ നീളാൻ കാരണമായത്.  ഇതോടെയാണ് താത്കാലിക പരിഹാരത്തിന് സർക്കാർ മുൻകൈയെടുത്തത്.