09 May 2024 Thursday

സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു

ckmnews

സംസ്ഥാനത്ത് നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബസ് പണിമുടക്ക് മാറ്റിവെച്ചു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരി​ഗണിച്ചാണ് പണിമുടക്ക് മാറ്റുന്നതെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനമായത്. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പിന്നീട് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.


വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് വിവിധ പരീക്ഷകള്‍ നടന്നുവരുന്ന സമയമാണ്

വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളില്‍ നിന്നും ബസ്സുടമകള്‍ പിന്‍മാറണമെന്ന് ​ഗതാ​ഗതമന്ത്രി എ കെ ശശീന്ദ്രന്‍ അഭ്യര്‍ഥിച്ചിരുന്നു.


മാത്രമല്ല, നിലവിലുള്ള സാഹചര്യത്തില്‍ പൊതുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികം ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമാണ്. കൊറോണ രോഗത്തിന്റെ ഭീഷണി നേരിട്ടുവരുന്ന ഈ സമയത്ത് സര്‍ക്കാരിന്റെ നടപടികളുമായി ഇപ്പോള്‍ ബസ്സുടമകള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.