09 May 2024 Thursday

മാതൃകാ പ്രവർത്തനത്തിന്റെ 27 വർഷം: പോസ്റ്റ്മാസ്റ്റർ ജോസ് വിരമിക്കുന്നു

ckmnews

മാതൃകാ പ്രവർത്തനത്തിന്റെ 27 വർഷം: പോസ്റ്റ്മാസ്റ്റർ ജോസ്

വിരമിക്കുന്നു

 

ചങ്ങരംകുളം :പഴയ  കുന്നംകുളത്തിൻ്റെ  പ്രൗഢിയായ വലിയങ്ങാടി നടുപന്തിയിലെ  പോസ്റ്റാഫീസിലെ  പോസ്റ്റുമാസ്റ്റർ  ഇരുപത്തിയേഴ് വർഷത്തെ സർവ്വീസിന് ശേഷം വിരമിക്കുമ്പോൾ നാടിന് നൽകിയത് സമ്പാദ്യശീലത്തിൻ്റെ നല്ല വഴികൾ.അക്കിക്കാവ് സ്വദേശി പുലിക്കോട്ടിൽ ജോസാണ് രണ്ടരപതിറ്റാണ്ടിനപ്പുറത്തെ സേവനത്തിനു ശേഷം വ്യാഴ്ച ജോലിയിൽ നിന്ന് വിരമിക്കുന്നത്.അച്ചടിശാലകളുടെയും പുസ്തക പെരുമയുടേയും നഗരമായ കുന്നംകുളം വലിയങ്ങാടിയെ ഒരു കാലത്ത് പുറംലോകവുമായി ബന്ധപ്പെടുന്നതിനായി പോസ്റ്റാഫീസിലേക്ക് എത്തുന്നവർ വളരെയേറെയായിരുന്നു.ക്രിസ്തുമസ്സ് , ന്യൂയർ കാർഡുകൾ ,മണിയോർഡറുകൾ , ജോലിക്കായുള്ള ആ പേക്ഷകൾ ,പ്രവാസികളുടെ എയർ മെയിലുകൾ , പ്രണയ ലേഖനങ്ങൾ എന്നിവയെല്ലാം നടുപന്തി പോസ്റ്റാഫീസിൽ  സജീവമായി നിലകൊള്ളുമ്പോഴാണ് കാട്ടകമ്പാൽ പുലിക്കോട്ടിൽ താവുണ്ണി- സാറാമ്മ ദമ്പതികളുടെ മൂത്ത മകൻ ജോസ് പട്ടാളത്തിൽ സുബേദാർ ആയി വിരമിച്ച ശേഷം  1995 ജൂൺ ഒമ്പതിന്    നടുപന്തി തപാൽ ഓഫീസിലെ പോസ്റ്റ് മാസ്റ്ററായി  ചാർജെടുക്കുന്നത്.ഒരു നഗരത്തിൻ്റെ ഹൃദയമിടിപ്പുകളെ തൊട്ടറിഞ്ഞ് കാറ്റും മഴയും വകവെക്കാതെ രാജ്യത്തിനു വേണ്ടി ഇരുപത് വർഷം സേവനത്തിന് ശേഷം പട്ടാളചിട്ടയോടെയാണ്  തപാൽ ഓഫീസിൽ ഒറ്റക്കെത്തി കർമ്മനിരതനായി .ആശംസകളെല്ലാം ഇന്റർനെറ്റും ഇ മെയിലും മൊബൈൽ ഫോണുകളിലേക്ക് മാറിയപ്പോൾ  വേഗതയുടെ സാങ്കേതിക വിദ്യ പഠിച്ച്  ജോസ് മാഷ് തന്റെ ജോലികളിൽ സജീവമായി.ആദ്യകാലങ്ങളിൽ  അനുകൂല സാഹചര്യങ്ങൾ ഇല്ലാത്തിരുന്ന കാലത്ത്  ഓഫീസിൽ എത്തുന്ന എല്ലാവരുടേയും ഹൃദയത്തിൽ പോസ്റ്റ് മാസ്റ്റർ ഇടം നേടിയിരുന്നു.സർക്കാരിൻ്റെ പല പദ്ധതികൾ ഇന്ദിര വികാസ്പത്ര ,സഞ്ചയക ,ടെലിഫോൺ ബിൽ എന്നിവ തപാലാപ്പീസ് വഴിയായിരുന്നു.നടുപന്തിയിലെ നാലു ദിക്കുകളിലെ ഭൂരിഭാഗം നാട്ടുകാരും ,തൊഴിലാളികളും  പോസ്റ്റാഫീസിൽ തന്റെ വിവിധ സമ്പാദ്യ പദ്ധതികളിൽ ചേർത്ത് അംഗങ്ങളാക്കി.ചെറിയ തുകക്കൾ മിച്ചം വെച്ച് സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിൽ ഇദ്ദേഹത്തിനുള്ള പങ്ക് വളരെ വലുതാണ്

ഇടപാടുകാരുടെ തുക അടക്കുന്നതിനുള്ള അവസാന തിയ്യതിക്ക്    മുമ്പ് തന്നെ ഇദ്ദേഹം തുക അടച്ചിരുന്നത് ഏറെ പ്രത്യേകതയായിരുന്നു.ഇടപാടുകാർക്ക് ജീവിത സാഹചര്യങ്ങളിൽ മുടക്കം കൂടാതെ സമ്പാദ്യശീലം തുടരുന്നതിന് ഇത് സഹായകമായി.നടുപ്പന്തിയുടെ ചരിത്രത്തിൽ മങ്ങാതെ നിലനിൽക്കുന്ന ഓർമ്മകളിൽ എന്നും ഈ കൊച്ചു ഓഫീസും അതിന്റെ അമരക്കാരൻ  ജോസ് മാഷും എന്നും ഉണ്ടാക്കുമെന്നാണ് നാട്ടുകാർ പറഞ്ഞു.നീണ്ട 27 വർഷത്തെ സേവനങ്ങൾക്ക് ശേഷം ഔദ്യോഗിക  ജീവിതത്തിൽ നിന്ന് പിരിഞ്ഞു പോകുന്ന പോസ്റ്റ് മാസ്റ്റർക്ക് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഡ്രൈവർമാർ , ചുമട്ട് തൊഴിലാളികൾ , കച്ചവട സ്ഥാപന ഉടമകൾ ചേർന്ന് കേക്ക് മുറിച്ച് യാത്രയയപ്പ് നൽകി രവീന്ദ്രൻ ,പ്രകാശൻ , ദിനേശൻ എന്നിവർ ഉപഹാരം നൽകി.അക്കിക്കാവ്  താമസിക്കുന്ന ജോസിന് ഇനിയുള്ള നാൾ  കൃഷിയിൽ സജീവമാകനാണ്  ആഗ്രഹം.  കുഞ്ഞാത്തിരി (റിട്ട: അദ്ധ്യാപിക  ഗേൾസ് സ്കൂൾ പൊന്നാനി)  സഹധർമ്മിണിയാണ്.സോണി 

( ആലത്തൂർ ഇമ്മാനുവേൽ  എൽ .പി സ്കൂൾ അദ്ധ്യാപിക )  ,ടോണി ( മുണ്ടൂർ ഫെഡറൽ ബാങ്ക്)  എന്നിവർ മക്കളാണ്. മാത്യൂസ് ( സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ എടക്കഴിയൂർ) ,  പ്രിയ ( ഫെഡറൽ ബാങ്ക് ചൊവ്വല്ലൂർപടി )  മരുമക്കളാണ്.