26 April 2024 Friday

വില്ലേജ് ഓഫീസിലെ യൂസര്‍ ഐഡിയും പാസ് വേഡും അടിച്ചുമാറ്റി ഭൂനികുതി അടച്ചു ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയില്‍

ckmnews

വില്ലേജ് ഓഫീസിലെ യൂസര്‍ ഐഡിയും പാസ് വേഡും അടിച്ചുമാറ്റി ഭൂനികുതി അടച്ചു


ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയില്‍


ചങ്ങരംകുളം:നികുതി അടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിന് വില്ലേജ് ഓഫീസിലെ യൂസര്‍ ഐഡിയും പാസ് വേഡും അടിച്ചുമാറ്റി ഭൂനികുതി സ്വന്തമായി അടച്ച സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയിലായി.രണ്ടത്താണി കണക്കാംകുന്ന് സ്വദേശി എടത്തടത്തില്‍ സുഹൈർ(28)നെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ അറസ്റ്റ് ചെയ്തത്.


ഒരു വര്‍ഷം മുമ്പ് വട്ടംകുളം വില്ലേജ് ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കല്പഞ്ചേരി സ്വദേശി യുടെ മൂന്ന് ആധാരങ്ങളിലായുള്ള 6 ഏക്കറിലധികം വരുന്ന ഭൂമിയുടെ നികുതി അടക്കുന്നതിനാണ് സുഹൈര്‍ വട്ടംകുളം വില്ലേജിൽ എത്തിയത്.സാങ്കേതിക  കാരണങ്ങളാല്‍ നികുതി അടക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ സുഹൈര്‍ മടങ്ങുകയായിരുന്നു.എന്നാല്‍ ഇതിനിടയില്‍ ഇയാള്‍ റവന്യൂ വകുപ്പിന്റെ വെബ് - സൈറ്റിൽ പ്രവേശിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഡിപ്പാർട്ട്മെന്റ്  അനുവദിക്കുന്ന യൂസര്‍ ഐഡിയും പാസ് വേര്‍ഡും മനസ്സിലാക്കിയാണ് തിരിച്ച് പോയത്.വീട്ടിലെത്തി ഇതുപയോഗിച്ച് സ്വന്തമായി നികുതി അടക്കുകയുമായിരുന്നു.ഭൂവുടമയുടെ നികുതി രണ്ട് തവണ അടച്ചത് കണ്ട് സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് വില്ലേജ് ജീവനക്കാരല്ല നികുതി അടച്ചതെന്ന് മനസിലാകുന്നത്.തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയായിരുന്നു.അടിച്ച് മാറ്റിയ ഐഡി ഉപയോഗിച്ച് നികുതി അടച്ചെങ്കിലും പരിചയക്കുറവ് മൂലം രണ്ട് തവണ നികുതി അടച്ചതാണ് പ്രതിക്ക് വിനയായത്.വളാഞ്ചേരി ആതവനാട്ടെ വീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ചങ്ങരംകുളം എഹ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തില്‍ എസ്ഐ വിജയന്‍,എസ് സിപിഒ,സനോജ്,സിപിഒഉദയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലൊയിരുന്നു കേസിന്റെ അന്വേഷണം