27 April 2024 Saturday

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

ckmnews

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ


ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം.


180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറി കടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.2003-ൽ തന്റെ 18-ാം വയസ്സിൽ ഖസാക്കിസ്താനെതിരെ പോർച്ചുഗലിനായാണ് റൊണാൾഡോ അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിക്കുന്നത്.


അയർലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ചരിത്രത്തിലേക്കുള്ള ഗോളുകൾ പിറന്നത്. 88 മിനിറ്റു വരെ പിന്നിലായിരുന്ന പോർച്ചുഗലിനെ 89ാം മിനിറ്റിൽ റൊണാൾഡോയുടെ ഹെഡറിൽ കൂടി പിറന്ന ഗോളിൽ ഒപ്പത്തിനൊപ്പം എത്തിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളിൽ വീണ്ടും റൊണാൾഡോയിൽ കൂടി മറ്റൊരു ഗോൾ കൂടി പിറന്നതോടെ ചരിത്ര നേട്ടം കൂടി റൊണാൾഡോയുടെ പേരിലായി.


ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ ഒപ്പമെത്താനും ഇതോടെ റൊണാൾഡോയ്ക്കായി.


ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി 33 ഗോളുകളാണ് പോർച്ചുഗലിനായി റൊണാൾഡോ നേടിയത്. 31 ഗോളുകൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിലൂടെയാണ് നേടിയത്. 19 ഗോളുകൾ നേടിയത് അന്താരാഷ്ട്ര സൌഹൃദ മത്സരങ്ങളിലൂടെ, 14 ഗോളുകൾ യൂറോ കപ്പിലൂടെ, 7 ഗോളുകൾ ലോകകപ്പിലൂടെ, 4 ഗോളുകൾ യുവേഫ നാഷണൽ ലീഗ്, 2 ഗോളുകൾ കോൺഫെഡറേഷൻ കപ്പിൽ എന്നിങ്ങനെയാണ് റൊണാൾഡോ നേടിയ ഗോളുകൾ