26 April 2024 Friday

കേരളത്തിന്റെ വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി

ckmnews

കേരളത്തിന്റെ വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി


പൊന്നാനി:കേരളത്തിന്റെ വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘത്തെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.ആസ്റ്റ് 8 ന് ആലപ്പുഴയിൽ രണ്ടു മണിക്കൂറിനിടെ ആലപ്പുഴ ക്രൈംബ്രാഞ്ചിലെ വനിതാ പോലീസുകാരി ഉൾപ്പെടെ അഞ്ച് സ്ത്രീകളുടെ മാല പൊട്ടിച്ച് ജില്ലയിലാകെ പരിഭ്രാന്തി പടർത്തിയ മണ്ണാറശാല സ്വദേശി തറയിൽ സുബ്രമണ്യൻ മകൻ ഉണ്ണി (31), കൊല്ലം അഞ്ചാലുംമൂട് സ്വദേശി കൊച്ചുഴിയത്ത് പാണയിൽ കുഞ്ഞുകുട്ടി മകൻ ശശി (43) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് പാലപ്പെട്ടി കാപ്പിരിക്കാട് വെച്ച് പിടികൂടിയത്.മലപ്പുറം, പാലക്കാട്, തൃശൂർ ,ആലപ്പുഴ ജില്ലകളിലായി നാൽപതോളം സ്ത്രീകളുടെ മാല പറിച്ച കേസിലും പ്രതികളാണ്.ഇതിൽ ഉണ്ണി ആലപ്പുഴ വീയപുരം സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതി കൂടിയാണ്.ഇവരെ പിടികൂടാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പി, പെരുമ്പടപ്പ് സി.ഐ, പൊന്നാനി എസ് ഐ, സൈബർ സെൽ മലപ്പുറം, പെരുമ്പടപ്പ് പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ‘സ്നാച്ചിങ്ങ് കോമെറ്റ്’ എന്ന ഒരു ടീം ഉണ്ടാക്കി ഒരേ സമയം മൂന്ന് തലങ്ങളിൽ ഓപ്പറേറ്റ് ചെയ്യുന്ന രീതിയാണ് പോലീസ് സ്വീകരിച്ചത്.പാലപ്പെട്ടി, കണ്ടുബസാർ,പുത്തൻപള്ളി, കല്ലിങ്കല്ലത്താണി, എന്നിവടങളിൽ ഓട്ടോ ഡ്രൈവർമാര്‍,വ്യാപാരികൾ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ഇൻഫർമേഷൻ ലഭിക്കുന്ന മുറക്ക് റോഡ് ബ്ലോക്ക് ചെയ്ത് ഇവരെ പിടികൂടാനുള്ള നടപടികളും പോലീസ് നടത്തിയിരുന്നു.പാലപ്പെട്ടിൽ വാഹന പരിശോധന നടക്കുന്നതറിഞ്ഞ പ്രതികൾ പാലപ്പെട്ടി കാപ്പിരിക്കാടുള്ള ഇടറോഡിൽ നമ്പർ പ്ലേറ്റ് മാറ്റുന്നതിനിടെ പിൻതുടർന്നെത്തിയ പോലീസ് പിടികൂടുകയായിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ലതികം കേസുകള്‍ ഉള്ള സംഘം 200 പവനിലതികം സ്വര്‍ണ്ണം കവര്‍ന്നതായാണ് പ്രാഥമിക നിഗമനം.