26 April 2024 Friday

വികെ ശ്രീകണ്ഠൻ എംപി പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് പാലക്കാട് എംപി

ckmnews

വികെ ശ്രീകണ്ഠൻ എംപി പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു


പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് പാലക്കാട് എംപി


പാലക്കാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ച് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കാണിച്ച് രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് നൽകിയെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാനാണ് താത്പര്യം. ജനപ്രതിനിധിയെന്ന നിലയിൽ എംപിയായി മുഴുവൻ സമയവും പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 



കോൺഗ്രസിനേറ്റ ക്ഷീണത്തിലും വിജയത്തിലും തനിക്ക് ഉത്തരവാദിത്വമുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. പാർട്ടി നേരിടുന്ന വെല്ലുവിളി ഏറ്റെടുത്ത് പ്രവർത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇരട്ട പദവി ഒഴിവാക്കാനാണ് രാജിയെന്നും വിശദീകരിച്ചു. 


എംപിയായ ശേഷം പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നിർണായകമാണെന്നും പുനഃസംഘടന വരുന്നത് വരെ തുടരണമെന്നും തന്നോട് ആവശ്യപ്പെട്ടു. എന്നാൽ പുനഃസംഘടന പല കാരണങ്ങളാൽ നീണ്ടുപോവുകയാണെന്നും എംപിയെന്ന നിലയിൽ ഭാരിച്ച ചുമതലകൾ ഉള്ളതിനാൽ അതിന് പൂർണ സമയം വിനിയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ഇന്ന് തന്നെ സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


തുടർന്നും പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും താൻ സജീവമായി ഉണ്ടാകുമെന്ന് ഉറപ്പ് നൽകാൻ കൂടി ഈ സന്ദർഭം വിനിയോഗിക്കുന്നു. തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും ഭാഗത്ത് നിന്നുണ്ടായ സഹായ സഹകരണങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും ശ്രീകണ്ഠന്‍ രാജിക്കത്തിൽ പറയുന്നു