26 April 2024 Friday

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ തട്ടിപ്പ്; സ്ത്രീകളെ ഉപയോഗിച്ച്‌ കെണി ഒരുക്കും, പിന്നില്‍ മലയാളികള്‍

ckmnews

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി വ്യാപകമായി തട്ടിപ്പു നടക്കുന്നതായി പോലീസ് മുന്നറിയിപ്പ്. തട്ടിപ്പില്‍ മലയാളികളുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ആണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും എന്തെങ്കിലും വാങ്ങിയാല്‍ നറുക്കെടുപ്പില്‍ വിജയിയായി തിരഞ്ഞെടുത്തു എന്ന തരത്തിലുള്ള വിളികളും മെസ്സേജുകളും നേരത്തെയും എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളികളായ സ്ത്രീകളാണ് ഇത്തരത്തില്‍ ഫോണ്‍ ചെയ്യുന്നത്.

ഫെസ്റ്റിവല്‍ സീസണില്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ സമ്മാനം നല്‍കുന്നതിനാല്‍ ഭൂരിഭാഗം ആളുകളും ഇത്തരം തട്ടിപ്പില്‍ വീഴും. പേര് ,വിലാസം ,ഓഡര്‍ ചെയ്ത വസ്തു ഇവയെല്ലാം കൃത്യമായി പറയുന്നതിനാല്‍ തന്നെ ഷോപ്പിങ് സൈറ്റിന്റെ പ്രതിനിധിയാണ് വിളിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. തട്ടിപ്പിന്റെ രീതികള്‍ ഇങ്ങനെ, സമ്മാനമായി കാര്‍ ലഭിച്ചിട്ടുണ്ട്. കാര്‍ വേണ്ടെങ്കില്‍ പകരം പണം നല്‍കാം. കാര്‍ ആണ് വേണ്ടതെങ്കില്‍ ഡെലിവറി, ടാക്സ്, ഇന്‍ഷുറന്‍സ് എന്നിവയിലേക്കായി ഒരു തുക ഫീസ് നല്‍കണമെന്ന് പറയും.

പകരം ക്യാഷ് ആണ് വേണ്ടതെങ്കില്‍ ഇതിന്റെ ടാക്സ് ഇനത്തില്‍ തുക നല്‍കണം എന്നുപറഞ്ഞു വിശ്വസിപ്പിച്ചായിരിക്കും തട്ടിപ്പു. ഓഡര്‍ ചെയ്തു കഴിഞ്ഞു ഇതേവിലാസത്തില്‍ ഓണ്‍ലൈന്‍ ഷോപിങ് സൈറ്റിന്റെ പേരില്‍ വൗച്ചര്‍ തപാലില്‍ എത്തും. വൗച്ചര്‍ സ്ക്രാച്ച്‌ ചെയ്യുമ്ബോള്‍ സമ്മാനം ലഭിച്ചതായി കാണിക്കും. ഇതാണ് തട്ടിപ്പിന്റെ മറ്റൊരു രീതി.

ഓഡര്‍ ചെയ്യുന്ന ആളുടെ പൂര്‍ണ വിവരങ്ങളും ഓഡര്‍ നമ്ബര്‍, ഫോണ്‍ നമ്ബര്‍ അടക്കം തട്ടിപ്പുകാര്‍ക്ക് എങ്ങനെ കിട്ടുന്നു എന്ന അന്വേഷണത്തിലാണ് പോലീസ്. കൊറിയര്‍ സര്‍വീസുകാരുടെ ടാറ്റ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. സമ്മാനം നേടിയ ആളെ തിരിച്ചറിയുവാന്‍ വേണ്ടി എന്ന് തെറ്റിദ്ധരിപ്പിച്ചു ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ തട്ടിപ്പുകാര്‍ മേടിക്കും. ഇവ പിന്നീട് തട്ടിപ്പു സംഘങ്ങള്‍ മൊബൈല്‍ കണക്ഷന്‍, ബാങ്ക് അക്കൗണ്ട് തുറക്കാനുമെല്ലാം ഉപയോഗിക്കും. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണം എന്നാണ് പോലീസ് മുന്നറിയിപ്പ്.