01 May 2024 Wednesday

കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് കേസ്

ckmnews


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ എഐസിസി വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എം കെ രാഘവന്റെ ഇലക്ഷൻ ക്യാമ്പയിനിൽ ഷമ നടത്തിയ പ്രസംഗമാണ് കേസിന് ആസ്പദമായത്. ഈ പ്രസംഗത്തിന്റെ വീഡിയോ ഷമ തന്റെ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു.

‘ഇത് ഫാസിസത്തിനെതിരെ ഉള്ള തിരഞ്ഞെടുപ്പാണ്. നരേന്ദ്രമോദി തിരിച്ചുവന്നാൽ ജനാധിപത്യം തീർന്നു. ഭരണഘടന തീർന്നു. മതേതരത്വം പിന്നീട് ഉണ്ടാവില്ല. മുസ്ലീം ക്രിസ്ത്യൻ പള്ളികൾ ഉണ്ടാവില്ല’, എന്നായിരുന്നു ഷമയുടെ വാക്കുകൾ.

തിരുവനന്തപുരം സ്വദേശി അരുൺജിത്ത് എം ഇലക്ഷൻ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ആണ് കേസെടുത്തത്. 2024 ലോക്സഭ ഇലക്ഷൻ അടുത്തിരിക്കെ പൊതുജനങ്ങൾക്കിടയിൽ പരസ്പര വിദ്വേഷവും തെറ്റിധാരണയും ഭീതിയും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഷമ ഈ വിദ്വേഷ പ്രസംഗം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.