09 May 2024 Thursday

ലോകത്തിലെ ഏറ്റവും മികച്ച മന്ത്രി ഖത്തറില്‍; പുരസ്കാരം ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയ്ക്ക്

ckmnews


ദോഹ: ലോകത്തിലെ ഏറ്റവും മികച്ച മന്ത്രിയ്ക്കുള്ള പുരസ്കാരം ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയ്ക്ക്. ഫെബ്രുവരി 12-ന് ദുബായിൽ നടന്ന ലോക ഗവൺമെൻ്റ് ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം നൽകി ആദരിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരില്‍ നിന്നാണ് ഡോ. ഹനാൻ നേട്ടം സ്വന്തമാക്കിയത്.

ഡോ. ഹനാന്റെ ഇടപെടലുകൾ ഖത്തറിൻ്റെ ആരോ​ഗ്യ സംവിധാനം കൂടുതൽ ജനകീയമാക്കാൻ സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ആരോ​ഗ്യ മേഖലയെ ഉയർത്താൻ ഇവരുടെ ഇടപെടലുകൾക്കായിട്ടുണ്ട്. അവാർഡ് ലഭിച്ചതിൽ ഡോ. ഹനാൻ നന്ദി അറിയിച്ചു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിന്തുണക്കും നിർദ്ദേശങ്ങൾക്കും നന്ദി, ഈ അവാർഡ് നേടിയത് ഖത്തർ ഭരണകൂടത്തിൻ്റെ നേതൃത്വത്തെയും സർക്കാരിൻ്റെ മികച്ച പ്രകടനത്തെയും വെളിവാക്കുന്നുവെന്ന് ഡോ. ഹനാൻ പറഞ്ഞു.


ഡോ. ഹനാൻ യുകെയിലെ ബ്രൂണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹെൽത്ത് കെയർ മാനേജ്‌മെൻ്റിൽ പബ്ലിക് ഹെൽത്ത് പിഎച്ച്ഡിയെടുത്തിട്ടുണ്ട്. അവാർഡ് ദാന ചടങ്ങിൽ നിരവധി രാജ്യങ്ങൾ, സർക്കാരുകൾ, അന്താരാഷ്ട്ര, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.