09 May 2024 Thursday

പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് അനുവദിച്ച് കുവൈറ്റ്

ckmnews


കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി കുവൈറ്റ്. 'സഹേൽ' ആപ്ലിക്കേഷൻ വഴി വർക്ക് പെർമിറ്റുകൾ നൽകുമെന്ന് അതോറിറ്റി ഫോർ മാൻപവർ എക്സിലൂടെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ നിലവിലുള്ള സ്‌പോണ്‍സറുടെ അനുമതി ആവശ്യമാണ്. തൊഴിൽ വിപണി വികസിപ്പിക്കുക, ബിസിനസുകാർക്ക് പ്രയോജനം ചെയ്യുക, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികളെ ഉപയോഗപ്പെടുത്തുക എന്നിവയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

കരാർ മേഖലയിലൊഴികെ ജോലി സമയം നാല് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർ അവരുടെ തൊഴിലുടമയിൽ നിന്ന് പാർട്ട് ടൈം വർക്ക് പെർമിറ്റ് നേടിയിരിക്കണം. കുവൈറ്റ് പൗരന്‍മാര്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് പെര്‍മിറ്റ് ഫീസ് ആവശ്യമില്ല. സമയ പരിധി ഉള്‍പ്പെടെയുള്ള മറ്റു നിയന്ത്രണങ്ങളും സ്വദേശികള്‍ക്ക് ബാധകമല്ല. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.2 ദശലക്ഷം വിദേശികളാണ്.സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് അവരുടെ യഥാര്‍ത്ഥ സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലി ചെയ്യാനാണ് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക. എന്നാല്‍ ഇതിന് തൊഴിലാളിയുടെ യഥാർത്ഥ തൊഴിലുടമയുടെ അംഗീകാരം ആവശ്യമാണ്.


പാർട്ട് ടൈം വർക്ക് പെർമിറ്റുകൾക്കുള്ള ഫീസ്


ഒരു മാസത്തേക്ക് 5 കുവൈറ്റ് ദിനാർ (1,348 രൂപ).


മൂന്ന് മാസത്തേക്ക് 10 കുവൈറ്റ് ദിനാർ (2,697 രൂപ).


ആറ് മാസത്തേക്ക് 20 കുവൈറ്റ് ദിനാർ (5,394 രൂപ).


ഒരു വർഷത്തേക്ക് 30 കുവൈറ്റ് ദിനാർ (8,091 രൂപ).