09 May 2024 Thursday

ഭാരതപ്പുഴയിലെ കുറ്റിപ്പുറം പഴയ പാലം പൈതൃക പദ്ധതിയിൽ സംരക്ഷിക്കാൻ നടപടി

ckmnews


കുറ്റിപ്പുറം: മഹാകവി ഇടശ്ശേരി അഭിമാനപൂർവം കയറിനിന്ന കുറ്റിപ്പുറം പാലം പൈതൃക പദ്ധതിയിലൂടെ കൂടുതൽ ആകർഷകമാക്കി സംരക്ഷിക്കാൻ നടപടി. ഭാരതപ്പുഴയിലെ പഴയപാലം പൈതൃക പദ്ധതിയിലൂടെ കൂടുതൽ പ്രാധാന്യം നൽകി സംരക്ഷിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.


ആറുവരിപ്പാതയുടെ നിർമാണം വിലയിരുത്താൻ കുറ്റിപ്പുറത്ത് എത്തിയതായിരുന്നു മന്ത്രി. ഈ ആവശ്യം ദേശീയപാത അതോറിറ്റിയോട് പറഞ്ഞിട്ടുണ്ട്. കുറ്റിപ്പുറം പാലത്തിന്റെ പ്രത്യേക ഏവർക്കുമറിയാം. ഈ ആവശ്യം ദേശീയപാത അതോറിറ്റി ഏറെക്കുറേ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


കുറ്റിപ്പുറം പാലത്തിന് സമീപത്തായി നിർമാണം പൂർത്തിയായ പുതിയ 

ആറുവരിപ്പാലം സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. കെ.ടി.ജലീൽ എംഎൽഎ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


സംസ്ഥാന സർക്കാരിന്റെ ആവശ്യം ദേശീയപാത അതോറിറ്റി നടപ്പിലാക്കിയാൽ പാലത്തിന്റെ ചരിത്രം അടിസ്ഥാനമാക്കിയുള്ള നവീകരണം ഉണ്ടാകും. 7 പതിറ്റാണ്ടു മുൻപാണ് 23 ലക്ഷം രൂപ ചെലവിട്ട് ഭാരതപ്പുഴയ്ക്കു കുറുകെ പാലം നിർമിച്ചത്. മലബാറിനെയും തിരുവിതാംകൂറിനെയും റോഡ്മാർഗം ബന്ധിപ്പിച്ച പാലമാണിത്.10 വർഷം മുൻപ് പാലത്തിന്റെ കരിങ്കൽ തൂണുകൾ ചുറ്റും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരുന്നു. 5വർഷം മുൻപ് ആദ്യമായി പാലത്തിന്റെ ഉപരിതലം ടാർ ചെയ്ത് നവീകരിച്ചു. ചരിത്രത്തിൽ ഇടംപിടിച്ച കുറ്റിപ്പുറം പാലം പൈതൃക പാലമായി മാറ്റാനാണ് ശ്രമം.