09 May 2024 Thursday

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സൗകര്യം പരിഷ്കരിക്കുന്നു

ckmnews


കുറ്റിപ്പുറം: അമൃത് ഭാരത് പദ്ധതിയിലൂടെ വികസിപ്പിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് സൗകര്യവും ട്രാഫിക് സംവിധാനവും പരിഷ്കരിക്കുന്നു. ഒരേസമയം നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. സ്റ്റേഷനിലെത്തുന്ന വാഹനങ്ങളുടെ ട്രാഫിക് സംവിധാനത്തിലും മാറ്റം വരും. സ്റ്റേഷന്റെ ഒരറ്റം മുതൽ 600 മീറ്റർ നീളത്തിലാണ് വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കുന്നത്.


റെയിൽവേയുടെ പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റിയാണ് ഇതിനായി സ്ഥലം ലഭ്യമാക്കിയത്. നിലവിൽ സ്റ്റേഷനിലേക്ക് വാഹനങ്ങൾ എത്തുന്ന ഭാഗം കാൽനട യാത്രക്കാർക്ക് മാത്രമാക്കി മാറ്റും. ഇവിടെ റോഡിനു പകരം പടികളാണ് നിർമിക്കുക. വാഹനങ്ങൾക്ക് സ്റ്റേഷനു മുന്നിൽ എത്തിച്ചേരാൻ വൺവേ റോഡ് തയാറാക്കുന്നുണ്ട്.


ടൗണിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് കാൽനട യാത്രക്കാർക്കുള്ള പടിയുടെ ഇടതുവശം ചേർന്ന് നിർമിക്കുന്ന റോഡിലൂടെ സ്റ്റേഷനു മുൻവശത്ത് എത്താം. തിരിച്ചുവരുന്ന വാഹനങ്ങൾ വലതുവശത്തെ റോഡ് വഴി താഴേക്ക് ഇറങ്ങണം. സ്റ്റേഷൻ കെട്ടിടത്തിന്റെ മുൻവശം ഇരുമ്പു പാനൽ സ്ഥാപിച്ച് മോടികൂട്ടുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്.