09 May 2024 Thursday

കോഴിക്കോട്ട് ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; ഡ്രെെവറെ ക്രൂരമായി മർദിച്ചു, ഒരാൾ അറസ്റ്റിൽ

ckmnews


കോഴിക്കോട്: നടക്കാവിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. നിർത്തിയിട്ടിരുന്ന ബസ്സിൽ ഉറങ്ങുകയായിരുന്ന ഡ്രെെവറെ മറ്റൊരു ബസ്സിലെ ജീവനക്കാർ ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ ഒരാളെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജനുവരി ഒന്നാം തീയതിയായിരുന്നു ആക്രമണം. കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന പായുംപുലി, സമാന എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. രാത്രി നടക്കാവിൽ പാർക്ക് ചെയ്ത് ബസ്സിനകത്ത് വിശ്രമിക്കുകയായിരുന്ന സമാന ബസ്സിലെ ഡ്രൈവർ റഫനാസിനെയാണ് പായുംപുലി ബസ്സിലെ ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചത്. സമയക്രമവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു മർദനം.


ബസ്സിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആയുധങ്ങളുമായി ബസ്സിനകത്ത് കയറി അസഭ്യം പറഞ്ഞുകൊണ്ട് ഡ്രെെവറെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പായുംപുലി ബസ് ഡ്രെെവർ ബിനീഷിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നാല് പേരെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.